tipu-fort-

ഫറോക്ക്: ഫറോക്കിലെ ടിപ്പുക്കോട്ടയിൽ ഒരു മാസമായി തുടരുന്ന പര്യവേക്ഷണം ഇന്ന് അവസാനിക്കും. രാവിലെ 8 ന് നടത്തുന്ന ഡ്രോൺ നിരീക്ഷണത്തോടെ സർവേ നടപടികൾ താത്കാലികമായി പൂർത്തിയാവുമെന്ന് പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ കെ. കൃഷ്ണരാജ് പറഞ്ഞു.

ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഒക്ടോബർ 9 നാണ് സർവേ തുടങ്ങിയത്. ഏഴേക്കറോളം വരുന്ന കോട്ടസ്ഥലം കാടുമൂടിയ നിലയിലായിരുന്നു. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലുറപ്പു സേനയും സന്നദ്ധ പ്രവർത്തകരും ഒത്തൊരുമിച്ചാണ് കോട്ടസ്ഥലം കാടുവെട്ടി ശുചീകരിച്ചത്. ഏതാണ്ട് 1500 പേർ ഇതിൽ പങ്കാളികളായതായി പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പര്യവേക്ഷണ റിപ്പോർട്ട് 19 നാണ് ഹൈക്കോടതിയിൽ സമർപ്പിക്കേണ്ടത്. ചരിത്രത്തിന്റെ ശേഷിപ്പുകൾ കാണാൻ നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയിലെത്തിയിരുന്നു. ഫറോക്ക് മോണ്യുമെന്റ് ഡവലപ്മെന്റ് കൗൺസിൽ, കൾച്ചറൽ കോ ഓർഡിനേഷൻ കമ്മിറ്റി എന്നീ സംഘടനകൾ സർവേ പ്രവൃത്തിയ്ക്ക് എല്ലാ പിന്തുണയുമേകി രംഗത്തുണ്ടായിരുന്നു.

കോട്ട ശുചീകരണത്തിൽ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാൻ വി കെ സി മമ്മദ് കോയ എം എൽ എ യുവജന സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു.