ചാലിയം: ചാലിയം കടവിൽ നിറുത്തിയിട്ട മത്സ്യബന്ധന ബോട്ടിനു തീപ്പിടിച്ചു. ആളപായമില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
പാചകത്തിനിടെ ചോർന്ന വാതകത്തിന് തീ പിടിക്കുകയാണുണ്ടായത്. ഇതര സംസ്ഥാനക്കാരനായ തൊഴിലാളി വെള്ളത്തിലേക്ക് ചാടി നീന്തി രക്ഷപ്പെട്ടു.
കരുവൻതിരുത്തി തയ്യിൽ അക്ബറിന്റെ ഹാസ്കോ ബോട്ടാണ് കത്തിനശിച്ചത്. ബോട്ട് കാക്കാതിരുത്തിക്ക് സമീപം നങ്കൂരമിട്ടതായിരുന്നു. വൈകുന്നേരം വീണ്ടും കടലിലിറങ്ങാനിരിക്കെ, ഭക്ഷണം പാകം ചെയ്യാനായി ഒരാൾ മാത്രമേ ഈ സമയം ബോട്ടിലുണ്ടായിരുന്നുള്ളൂ. ചോർന്ന വാതകത്തിന് തീ പിടിച്ചതോടെ ശക്തിയായ കാറ്റിൽ ആളിക്കത്തുകയായിരുന്നു. സമീപത്തെ മറ്റു ബോട്ടുകളിലും വള്ളങ്ങളിലുമുണ്ടായിരുന്നവരും തീരദേശ പൊലീസും ഒരു മണിക്കൂറോളം ശ്രമം നടത്തിയാണ് തീയണച്ചത്.
കാബിൻ,വല, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഇരുമ്പു കയറുകൾ എന്നിവയ്ക്കു പുറമെ 38,000 രൂപയും കത്തിയമർന്നു. എട്ട് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.