കോഴിക്കോട്: കൊവിഡ് ലോക്ക് ഡൗൺ വന്നപ്പോഴേക്കും ഇരുളിലാണ്ട ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാർക്ക് മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വെളിച്ചത്തിന്റെ കീറ് തെളിഞ്ഞു കിട്ടുകയായി. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയിരിക്കെ പ്രചാരണത്തിരക്കിന്റെ നാളുകളിലേക്ക് കണ്ണ് നട്ടിരിക്കുകയാണ് ഇവരൊക്കെയും. കൊവിഡ് വ്യാപനത്തിൽ തീർത്തും മരവിച്ചുപോയ ജീവിതം തദ്ദേശ തിരഞ്ഞെടുപ്പോടെ പതുക്കെ തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ജില്ലയിലെ ലൈറ്റ് ആൻഡ് സൗണ്ട് കട ഉടമകളും തൊളിലാളികളും. വൈകാതെ നിയമസഭാ തിരഞ്ഞെടുപ്പ് എത്തുന്നുവെന്നതും പ്രതീക്ഷ ഉണർത്തുന്നു. മാസങ്ങളായി വെറുതെ കിടക്കുന്ന ഉപകരണങ്ങളും മറ്റും ജീവനക്കാർ പൊടി തട്ടിയെടുക്കുകയാണിപ്പോൾ. കൊവിഡ് നിയന്ത്രണങ്ങളിൽ പെട്ടെന്നു വലിയ അയവ് പ്രതീക്ഷിക്കുന്നില്ലെങ്കിലും കവല യോഗങ്ങളും മറ്റുമായി രംഗം കൊഴുക്കുന്നതോടെ ഒരു മാസത്തോളം മുറുകിയ പണിയായിരിക്കുമെന്നാണ് കരുതുന്നത്.
ഇത്തവണ പ്രചാരണ യുദ്ധം ഓൺലൈനിൽ പൊടിപാറുമെന്നതിൽ സംശയമില്ല. അപ്പോഴും അനൗൺസ്‌മെന്റ് ജോലികൾക്കുൾപ്പെടെ കുറവുണ്ടാവില്ലെന്ന് തൊഴിലാളികൾ പറയുന്നു. സമൂഹമാദ്ധ്യമങ്ങളുടെ സ്വാധീനം എത്രയൊക്കെ വേരൂന്നിയാലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പരമ്പരാഗത രീതികൾ പാടെ പിഴുതെറിയാനാവില്ലെന്ന വാദമാണ് അവരുടേത്. തിരഞ്ഞെടുപ്പിന്റെ ചൂടും ചൂരും അറിയണമെങ്കിൽ പൊതുപരിപാടികളില്ലാതെ പറ്റില്ല. ജീപ്പിൽ കറങ്ങിയുള്ള അനൗൺസ്‌മെന്റ് ആവേശം പടർത്തുമ്പോൾ, അതിന് പകരം നിൽക്കാനാവില്ല ഓൺലൈൻ ശൈലികൾക്ക്. നാടിന്റെ മുക്കിലും മൂലയിലുമെത്തിയാണ് പ്രചാരണ വാഹനങ്ങൾ തിരഞ്ഞെടുപ്പിന്റെ ഓളം സൃഷ്ടിക്കുന്നത്. ഇനി സൗണ്ട്സ് ഉപകരണങ്ങളുമായി തുടർച്ചയായി ഇറങ്ങാമല്ലോ എന്ന പ്രത്യാശയാണ് തൊഴിലാളികളിൽ.
ഉത്സവാഘോഷങ്ങളടക്കം പൊതുപരിപാടികൾ കഴിഞ്ഞാൽ പിന്നെ ന്യൂജെൻ വിവാഹച്ചടങ്ങുകളായിരുന്നു ലൈറ്റ് ആൻഡ് സൗണ്ടുകാരുടെ മുഖ്യവരുമാന സ്രോതസ്. രണ്ടും മൂന്നും ദിവസം നീളുമായിരുന്നു മിക്കയിടത്തും കല്ല്യാണഘോഷം. എന്നാൽ, സമ്പൂർണ ലോക്ക് ഡൗണിൽ കല്ല്യാണച്ചടങ്ങുകൾക്കും കടുത്ത നിയന്ത്രണങ്ങളായതോടെ ആ വഴിയ്ക്കുള്ള വരവും മുടങ്ങുകയായിരുന്നു. സമരങ്ങൾ കൂടി വിരലിലെണ്ണാവുന്നവരിലേക്ക് ഒതുങ്ങിയതോടെ ആകെ താളം തെറ്റിയ അവസ്ഥ വന്നുപെടുകയായിരുന്നു ഇവർക്ക്.
കൊവിഡ് വേളയിൽ സമരങ്ങളും പ്രതിഷേധങ്ങളും അഞ്ചും ആറും പേരുടേതായി. ആർക്കും മൈക്കും പന്തലുമൊന്നും വേണ്ട. പലരും വീട്ടുമുറ്റം തന്നെ സമരവേദിയാക്കി.
പുതിയ സാഹചര്യത്തിൽ പ്രചാരണങ്ങൾക്ക് പൊലിമ കുറയുമെങ്കിലും അനൗൺസ്‌മെന്റിനും കവലയോഗങ്ങളടക്കമുള്ള പരിപാടികൾക്കും കുറവുണ്ടാവില്ലെന്ന പ്രതീക്ഷയാണ് തൊഴിലാളികൾക്ക് കരുത്താവുന്നത്.
''ഉത്സവങ്ങളും ആഘോഷങ്ങളും കൊവിഡ് ആക്രമണത്തിൽ മാഞ്ഞുപോയതോടെ, പിന്നെയുള്ള കച്ചിത്തുരുമ്പാണ് തദ്ദേശ തിരഞ്ഞെടുപ്പ്. ഇപ്പോഘ ഓർഡറുകൾ കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഇത്തവണ പന്തലും കസേരയുമൊന്നും അങ്ങനെ ആർക്കും വേണ്ട. അനൗൺസ്‌മെന്റ് മാത്രം മതി.
കെ.ഫൈസൽ
പ്ലസ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമ