പേരാമ്പ്ര: വനമേഖലകളിലെ കൃഷി ഇടങ്ങളിൽ മൃഗശല്യം കൂടിയതിന് പിന്നാലെ നാട്ടിൽ പുറങ്ങളിലും കാട്ടുമൃഗശല്യം രൂക്ഷം മാകുന്നു. കൊവിഡ് പ്രതിസന്ധി മറികടക്കാൻ വിവിധ ഗ്രാമങ്ങളിൽ കർഷക കൂട്ടായ്മയിൽ ഇറക്കിയ നടുവിളകളാണ് കാട്ടുപന്നി, മുള്ളൻപന്നി, ഉടുമ്പ്, പെരിലാഴി ,കാട്ടുകുരങ്ങ് എന്നിവ കൂട്ടമായെത്തി നശിപ്പിക്കുന്നത് . നേരത്തെ വനമേഖലയോട് ചേർന്ന ചെമ്പനോട, മുതുകാട്, ചെങ്കോട്ടക്കൊല്ലി, പ്രദേശങ്ങളിൽ കൃഷിയിടങ്ങളിൽ വന്യജീവി ആക്രമണം രൂക്ഷമായിരുന്നു. എന്നാൽ ഇപ്പോൾ ഇത് നാട്ടിൽ പുറങ്ങളിലേക്കും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. റബർ, കുരുമുളക്, നാളികേരം, കവുങ്ങ്, കൊക്കോ, ഇഞ്ചി, മഞ്ഞൾ, ചേമ്പ്, ചേന, കപ്പ വിവിധയിനം വാഴകൾ തുടങ്ങി വിവിധ കൃഷിയിങ്ങളാണ് നശിച്ചത്. സ്വാശ്രയ സംഘങ്ങളിലൂടെയും കുടുംബശ്രീയിലൂടെയും ഏക്കർ കണക്കിന് സ്ഥലങ്ങളിലാണ് കർഷകർ കൃഷി നടത്തിയത് .
കൂത്താളി, ചങ്ങരോത്ത്, നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വരെ കാട്ടുപന്നികൾളെത്തി കൃഷി നശിപ്പിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.