നാദാപുരം: ലോക്ക് ഡൗണിൽ തളിരിട്ട കൃഷി വിളവെടുക്കാൻ കഴിയാതെ പോകുമോയെന്ന ആധിയിലാണ് വളയം മലയോര കർഷകർ. ചേനയും ചേമ്പും കാച്ചിലും മരച്ചീനിയും കൂവയും വിളവെടുക്കാൻ പാകമായതോടെ കാട്ടുപന്നികൾ കൂട്ടമായെത്തി നശിപ്പിച്ചതോടെ ഉപജീവനമാർഗം നഷ്ടമായ കർഷകർ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലാണ്.
രാത്രിയിലാണ് കാട്ടുപന്നികൾ കൂട്ടങ്ങളായെത്തി കൃഷി നശിപ്പിക്കുന്നത്. മുൻപ് മലമുകളിലെ കൃഷി പറമ്പുകളിലായിരുന്ന ഇവ ഇപ്പോൾ വീടുകൾക്ക് പരിസരങ്ങളിലുള്ള പറമ്പുകളിലും എത്തി തുടങ്ങി.
ലോക്ക് ഡൗൺ ആയതോടെയാണ് പലയിടത്തും ജനങ്ങൾ പറമ്പിലേക്കിറങ്ങി കൃഷി ചെയ്ത് തുടങ്ങിയത്.
എന്നാൽ വിളവെടുക്കാറാകുമ്പോഴേക്കും കാട്ടു പന്നികൾ കൂട്ടത്തോടെയെത്തി ചേമ്പും ചേനയും മരച്ചീനിയും തിന്ന് നശിപ്പിക്കുന്ന സാഹചര്യമാണ്. എളമ്പയിലെ പാറയുള്ള പറമ്പത്ത് നാണു വീടിനോട് ചേർന്ന് 60 സെന്റ് സ്ഥലത്ത് നാലായിരം രൂപ ചെലവഴിച്ചാണ് കൃഷിയിറക്കിയത്. എന്നാൽ വിളവെടുക്കാൻ പാകമായതോടെ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. ഇതേ അവസ്ഥയാണ് മറ്റ് കർഷകരും നേരിടേണ്ടി വരുന്നത്.
കാട്ടുമൃഗങ്ങളുടെ ശല്യം രാത്രിയിലാണെങ്കിൽ പകൽ സമയത്തെ ഭീഷണി മയിലുകളാണ്. കരനെല്ലുകളോട് പ്രിയമുള്ള ഇവ കരനെൽ വിളയുന്നതോടെ കൂട്ടമായെത്തി തിന്നു തീർക്കും. രാത്രിയും പകലും കൃഷിയ്ക്ക് കാവലിരിക്കേണ്ട ഗതികേടിലാണ് കർഷകർ.
കാലികൊളുമ്പ്, എളമ്പ മലയോരങ്ങളിൽ കുരങ്ങും മുള്ളൻ പന്നിയുമാണ് ഭീഷണി. തെങ്ങിലെ മച്ചിങ്ങയും വാഴക്കുലകളും കുരങ്ങുകൾ കൂട്ടമായെത്തി നശിപ്പിക്കുന്നു. കണ്ടിവാതുക്കൽ ആയോട് മലയിൽ കാട്ടാനകളാണ് ശല്യക്കാർ. ചക്കാലയിൽ സിവിച്ചന്റെ കൃഷിയിടത്തിലിറങ്ങിയ ആനകൾ തെങ്ങിൻ തൈകളും വാഴകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ആനകൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നത് പ്രദേശ വാസികളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.