കോഴിക്കോട്: അഴിക്കോട് സ്കൂളിൽ പ്ളസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്ന കേസിൽ കെ.എം ഷാജി എം.എൽ.എയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ എട്ടര മണിക്കൂറോളം ചോദ്യം ചെയ്തു.
വേങ്ങേരി വില്ലേജിൽ ഭാര്യ കെ.എം.ആഷയുടെ പേരിൽ നിർമ്മിച്ച മൂന്നുനില വീടിനായി ചെലവഴിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചായിരുന്നു ചോദ്യങ്ങളേറെയും. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ആഷയിൽ നിന്ന് ഇ.ഡി സംഘം മൊഴിയെടുത്തിരുന്നു. പണം താൻ ചെലവഴിച്ചിട്ടില്ലെന്നും എല്ലാം നിർവഹിച്ചത് ഭർത്താവ് ഷാജിയാണെന്നുമായിരുന്നു അവരുടെ മൊഴി.
വീട് പണിതത് കർണാടകത്തിൽ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചികൃഷി നടത്തിയതിൽ ലഭിച്ച ലാഭവും പാരമ്പര്യമായി ലഭിച്ച പണവും ഉപയോഗിച്ചാണെന്നായിരുന്നു ചോദ്യം ചെയ്യലിൽ ഷാജിയുടെ മറുപടി. വരുമാനം സംബന്ധിച്ച് വിശദമായി വിവരങ്ങൾ തേടിയിട്ടുണ്ട് അന്വേഷണ സംഘം. രാവിലെ ഒമ്പതരയ്ക്ക് ഷാജി ഇ.ഡി ഓഫീസിൽ എത്തിയിരുന്നു. പത്ത് മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി ഏഴരയ്ക്കാണ് അവസാനിച്ചത്.