സുൽത്താൻ ബത്തേരി : മറ്റൊരു നഗരസഭയും ചെയ്യാത്തവിധമുള്ള വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് സുൽത്താൻ ബത്തേരി നഗരസഭ ചെയ്തതെന്ന് നഗരസഭ ചെയർമാൻ ടി.എൽ.സാബു. നഗരസഭയെ വികസനത്തിന്റെ മുൻനിരയിലെത്തിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുൽത്താൻ ബത്തേരിയുടെ പേരും പെരുമയും ലോകമെമ്പാടും ചർച്ച ചെയ്യുന്ന തരത്തിൽ വൃത്തിയും ഭംഗിയുമുള്ള നഗരമാക്കാനും പ്ലാസ്റ്റിക് നിരോധനം, തുപ്പൽ നിരോധനം, പൂക്കളുടെ നഗരം എന്നിവയിലൂടെ രാജ്യാന്തര ശ്രദ്ധനേടാനും സാധിച്ചു. നഗരസഭ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, വ്യാപാരികൾ ട്രേഡ് യൂണിയനുകൾ ,ഓട്ടോ -ടാക്സി തൊഴിലാളികൾ വിവിധ രാഷ്ട്രീയ സംഘടനകൾ സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണമാണ് ഈ നേട്ടത്തിന് പിന്നിൽ.
ബത്തേരി നഗരസഭയുടെ സ്വപ്നമായ രാജീവ് ഗാന്ധി മിനി ബൈപാസ് റോഡ് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത് ഏറ്റവും വലിയ നേട്ടമാണ്. നഗരസഭയുടെ വികസന പ്രവർത്തിയിൽ ഭരണ -പ്രതിപക്ഷ വ്യത്യാസമില്ലാതെ പിന്തുണ നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.