സുൽത്താൻ ബത്തേരി: മുന്നണിയും പാർട്ടിയും തന്നെ കയ്യൊഴിഞ്ഞതുകൊണ്ടാണ് ഭാര്യ നിഷ സാബുവിനെ മൽസര രംഗത്ത് ഇറക്കിയതെന്ന് ടി.എൽ.സാബു പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷം എൽ.ഡി.എഫിനെ പിന്തുണച്ച ടി.എൽ.സാബുവിന് ഇത്തവണ നഗരസഭയിൽ സീറ്റില്ല. യു.ഡി.എഫ് മുന്നണിയുമായി തുടക്കത്തിൽ തന്നെ അകലുകയും നഗരസഭ ഭരണം പകുതി പിന്നിട്ടപ്പോൾ സ്വന്തം പാർട്ടിയായ കേരള കോൺഗ്രസ് എമ്മും പിന്നീട് എൽ.ഡി.എഫും കൈവിട്ടതോടെയാണ് ടി.എൽ.സാബു ഭാര്യയെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കിയത്.
കഴിഞ്ഞ അഞ്ച് വർഷം പാർട്ടിയുമായി പിണങ്ങി സ്വന്തം നിലയ്ക്ക് എൽ.ഡി.എഫിനെ പിന്തുണയ്ക്കുകയും കഴിഞ്ഞ രണ്ടര വർഷമായി നഗരസഭയുടെ ചെയർമാനായി തുടരുകയും ചെയ്ത ടി.എൽ.സാബുനിന് ഇത്തവണ സീറ്റില്ല. 2015-ലെ തിരഞ്ഞടുപ്പിൽ യു.ഡി.എഫ് പാനലിൽ വിജയിച്ചശേഷം സ്വന്തം പാർട്ടിയായ കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനപ്രകാരമാണ് ടി.എൽ.സാബു എൽ.ഡി.എഫിനെ പിന്തുണച്ചത്. പിന്നീട് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മൽസരിക്കാനെത്തിയതോടെ പാർട്ടി തന്നെ ഇടപെട്ട് പിന്തുണ പിൻവലിക്കാനും ചെയർമാൻ സ്ഥാനം രാജിവെക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ടി.എൽ.സാബു അതിന് തയ്യാറായില്ല .ഇതോടെ പാർട്ടിയുമായി ഇടഞ്ഞു. ഒടുവിൽ എൽ.ഡി.എഫും കൈവിട്ടു.
തന്നോട് എൽ.ഡി.എഫിനുള്ള പിന്തുണ പിൻവലിക്കാൻ ആവശ്യപ്പെട്ട കേരള കോൺഗ്രസ് എം പാർട്ടി ഇപ്പോൾ എൽ.ഡി.എഫിന്റെ ഘടക കക്ഷിയായി വന്നതാകാം തനിക്ക് സീറ്റ് ലഭിക്കാതിരിക്കാൻ കാരണമെന്നാണ് സാബുപറയുന്നത്. മറ്റ് മുന്നണികളെയൊന്നും കാര്യമാക്കാതെ തന്റെ ഡിവിഷനായ കട്ടയാടിൽ ഭാര്യ നിഷ സാബുവിനു വേണ്ടി പ്രചാരണം ആരംഭിക്കുകയും ചെയ്തു.
ഫോട്ട--നിഷാസാബു
വോട്ട് അഭ്യർത്ഥിക്കാനെത്തിയ നിഷാസാബുവിനെ അനുഗ്രഹിക്കുന്ന വീട്ടമ്മ
സീറ്റ് തർക്കം: ജനതാദൾ-എസ് മണ്ഡലം പ്രസിഡന്റ് രാജിവെച്ച് മൽസരത്തിന്
സുൽത്താൻ ബത്തേരി : എൽ.ഡി.എഫിലെ ഘടക കക്ഷിയായ സി.പി.ഐയുമായി സീറ്റിനെ ചൊല്ലിയുള്ള തർക്കം മൂത്തതോടെ ജനതാദൾ എസിന്റെ ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് ഉനൈസ് കല്ലൂർ പാർട്ടിയിൽ നിന്ന് രാജിവെച്ച് സ്വതന്ത്രനായി മൽസരിക്കുന്നു.
രാജിവെക്കുന്ന വിവരം പാർട്ടി സംസ്ഥാന പ്രസിഡന്റിനെ രേഖാമൂലം അറിയിച്ചതായും സ്വതന്ത്രനായി സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിലെ ജനറൽ സീറ്റായ നമ്പിക്കൊല്ലി ഡിവിഷനിൽ മൽസരിക്കുമെന്നും ഉനൈസ് അറിയിച്ചു.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനായ നമ്പിക്കൊല്ലി ജനറൽ സീറ്റ് ആദ്യം ജനതാദൾ എസിന് നൽകാമെന്നായിരുന്നു സി.പി.എം. നൽകിയിരുന്ന ഉറപ്പ്. എന്നാൽ കഴിഞ്ഞ തവണ മൽസരിച്ച സീറ്റ് വിട്ടു നൽകാൻ സി.പി.ഐ തയ്യാറായില്ല. ഇതോടെയാണ് ജനതാദൾ എസും സി.പി.ഐയും തമ്മിൽ നമ്പിക്കൊല്ലി സീറ്റിനായി വടംവലിയായത്. തുടർന്നാണ് ഇവിടെ സ്വതന്ത്രനായി മൽസരിക്കാൻ ഉനൈസ് തീരുമാനിച്ചത്.