സുൽത്താൻ ബത്തേരി: മുന്നണിയും പാർട്ടിയും തന്നെ കയ്യൊഴിഞ്ഞതുകൊണ്ടാണ് ഭാര്യ നിഷ സാബുവിനെ മൽസര രംഗത്ത് ഇറക്കിയതെന്ന് ടി.എൽ.സാബു പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷം എൽ.ഡി.എഫിനെ പിന്തുണച്ച ടി.എൽ.സാബുവിന് ഇത്തവണ നഗരസഭയിൽ സീറ്റില്ല. യു.ഡി.എഫ് മുന്നണിയുമായി തുടക്കത്തിൽ തന്നെ അകലുകയും നഗരസഭ ഭരണം പകുതി പിന്നിട്ടപ്പോൾ സ്വന്തം പാർട്ടിയായ കേരള കോൺഗ്രസ് എമ്മും പിന്നീട് എൽ.ഡി.എഫും കൈവിട്ടതോടെയാണ് ടി.എൽ.സാബു ഭാര്യയെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കിയത്.
കഴിഞ്ഞ അഞ്ച് വർഷം പാർട്ടിയുമായി പിണങ്ങി സ്വന്തം നിലയ്ക്ക് എൽ.ഡി.എഫിനെ പിന്തുണയ്ക്കുകയും കഴിഞ്ഞ രണ്ടര വർഷമായി നഗരസഭയുടെ ചെയർമാനായി തുടരുകയും ചെയ്ത ടി.എൽ.സാബുനിന് ഇത്തവണ സീറ്റില്ല. 2015-ലെ തിരഞ്ഞടുപ്പിൽ യു.ഡി.എഫ് പാനലിൽ വിജയിച്ചശേഷം സ്വന്തം പാർട്ടിയായ കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനപ്രകാരമാണ് ടി.എൽ.സാബു എൽ.ഡി.എഫിനെ പിന്തുണച്ചത്. പിന്നീട് രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മൽസരിക്കാനെത്തിയതോടെ പാർട്ടി തന്നെ ഇടപെട്ട് പിന്തുണ പിൻവലിക്കാനും ചെയർമാൻ സ്ഥാനം രാജിവെക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ടി.എൽ.സാബു അതിന് തയ്യാറായില്ല .ഇതോടെ പാർട്ടിയുമായി ഇടഞ്ഞു. ഒടുവിൽ എൽ.ഡി.എഫും കൈവിട്ടു.
തന്നോട് എൽ.ഡി.എഫിനുള്ള പിന്തുണ പിൻവലിക്കാൻ ആവശ്യപ്പെട്ട കേരള കോൺഗ്രസ് എം പാർട്ടി ഇപ്പോൾ എൽ.ഡി.എഫിന്റെ ഘടക കക്ഷിയായി വന്നതാകാം തനിക്ക് സീറ്റ് ലഭിക്കാതിരിക്കാൻ കാരണമെന്നാണ് സാബുപറയുന്നത്. മറ്റ് മുന്നണികളെയൊന്നും കാര്യമാക്കാതെ തന്റെ ഡിവിഷനായ കട്ടയാടിൽ ഭാര്യ നിഷ സാബുവിനു വേണ്ടി പ്രചാരണം ആരംഭിക്കുകയും ചെയ്തു.