crc
കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിൽ കോഴിക്കോട്ട് പ്രവർത്തിക്കുന്ന സി.ആർ.സി യുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി വിലയിരുത്താൻ എം.കെ രാഘവൻ എം.പി എത്തിയപ്പോൾ

കോഴിക്കോട്: ഭിന്നശേഷിക്കാരുടെ പരിശീലനത്തിനും പുനരധിവാസത്തിനുമായി കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോംപസിറ്റ് റീജിയണൽ സെന്ററിനായുള്ള (സി.ആർ.സി) പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി അവസാനഘട്ടത്തിലേക്ക് കടന്നു. എം.കെ രാഘവൻ എം.പി ഇവിടം സന്ദർശിച്ച് പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തി.

ചേവായൂർ ഗവ. ത്വക്ക് രോഗാശുപത്രി പരിസരത്തെ മൂന്ന് ഏക്കർ ഭൂമിയിലാണ് സി.ആർ.സി യ്ക്ക് പുതിയ കെട്ടിടം പൂർത്തിയാവുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2013 ൽ അനുവദിച്ച സ്ഥലം യു.പി.എ സർക്കാർ ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്ത് എം.കെ രാഘവൻ എം.പി യുടെ ഇടപെടലിനെ തുടർന്നാണ് ഫലമായാണ് കേന്ദ്ര സാമൂഹ്യനീതി മന്ത്രിയായിരുന്ന മുകുൾ വാസ്‌നിക് 2012 ൽ ഈ സ്ഥാപനം കോഴിക്കോടിന് അനുവദിച്ചത്. അന്നത്തെ സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.എം.കെ മുനീറും കാര്യമായ ശ്രമം നടത്തിയിരുന്നു. പിന്നീട് 2013 ഏപ്രിൽ 13നാണ് കേന്ദ്ര മന്ത്രി ഷെൽജകുമാരി സ്ഥാപനത്തിന് തറക്കല്ലിട്ടത്.

നിലവിൽ മെഡിക്കൽ കോളേജിന് സമീപത്തെ ഇംഹാൻസ് കെട്ടിടത്തിൽ താത്കാലികമായി പ്രവർത്തിക്കുന്ന സി.ആർ.സി ദക്ഷിണേന്ത്യയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സ്ഥാപനമാണ്. 20 കോടി രൂപ ചെലവിലുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണം 99 ശതമാനവും പൂർത്തിയായി. അവസാന മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്.

ഭിന്നശേഷിക്കാർക്കായി തെറാപ്പി, ക്ലിനിക്കൽ സർവീസുകൾ നൽകുക, ഭിന്നശേഷി രംഗത്തെ പ്രൊഫഷണലുകളെ വാർത്തെടുക്കുന്ന ആർ.സി.ഐ യുടെതുൾപ്പടെയുള്ള വിവിധ കോഴ്സുകൾ നടത്തുക, പുനരധിവാസ പദ്ധതികൾ ആവിഷ്‌കരിക്കുക, ദിവ്യാംഗർക്ക് ആശയവിനിമയം നടത്താനുള്ള നൂതന പദ്ധതികൾ നടപ്പിലാക്കുക, വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ.

സി.ആർ.സി ഡയറക്ടർ ഡോ.റോഷൻ ബിജിലി, സി.പി.ഡബ്ല്യു.ഡി എക്സിക്യുട്ടിവ് എൻജിനിയർ പി.കെ.പ്രേമാനന്ദ് എന്നിവരും എം.പിയോടൊപ്പമുണ്ടായിരുന്നു.