കൽപ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ഇന്ന് (12) മുതൽ സ്വീകരിക്കും. നവംബർ 19 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 3 വരെയാണ് പത്രിക സ്വീകരിക്കുക.
അതത് തദ്ദേശ സ്ഥാപനത്തിന്റെ വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുമ്പാകെയാണ് പത്രിക നൽകേണ്ടത്. സൂക്ഷ്മ പരിശോധന നവംബർ 20 ന് നടക്കും. 23 വരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാം.
നാമനിർദ്ദേശ പത്രികയോടൊപ്പം സ്ഥാനാർത്ഥികൾ 2 എ ഫോമും പൂരിപ്പിച്ച് നൽകണം. ഓരോ ദിവസവും ലഭിക്കുന്ന നാമനിർദ്ദേശങ്ങളുടെ പട്ടികയോടൊപ്പം 2 എ ഫോമും വരണാധികാരികൾ പ്രസിദ്ധപ്പെടുത്തും. ഒരു തദ്ദേശസ്ഥാപനത്തിൽ മത്സരിക്കുന്നയാൾ ആ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കുകയും പത്രികസമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയാകുകയും വേണം. സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടർ ആയിരിക്കണം.
സംവരണ വാർഡിൽ മത്സരിക്കുന്നവർ ആ സംവരണ വിഭാഗത്തിൽപ്പെട്ട ആളായിരിക്കണം. പട്ടികജാതി പട്ടിക വിഭാഗത്തിൽപ്പെട്ടവർ വില്ലേജ് ഓഫീസറിൽ നിന്നുള്ള ജാതിസർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം.
സ്ഥാനാർത്ഥികൾക്ക് ഒരു സ്ഥാപനത്തിലെ ഒന്നിലധികം വാർഡുകളിൽ മത്സരിക്കാൻ പാടില്ല. ത്രിതല പഞ്ചായത്തുകളിൽ ഒന്നിലധികം തലങ്ങളിൽ മത്സരിക്കുന്നതിന് തടസ്സമില്ല.
പത്രികാ സമർപ്പണത്തോടൊപ്പം സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപഞ്ചായത്തിന് 1000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും 2000 രൂപയും ജില്ലാപഞ്ചായത്തിന് 3000 രൂപയുമാണ് അടയ്‌ക്കേണ്ടത്. പട്ടികജാതി പട്ടികവിഭാഗത്തിൽപ്പെട്ടവർക്ക് പകുതി തുക നിക്ഷേപമായി നൽകിയാൽ മതി. ട്രഷറിയിലോ തദ്ദേശ സ്ഥാപനത്തിലോ ഒടുക്കിയ രസീതോ പണമായോ നൽകാവുന്നതാണ്.
പത്രികാ സമർപ്പണം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് സ്ഥാനാർത്ഥിയോ നിർദ്ദേശകനോ ഉൾപ്പടെ 3 പേരിൽ കൂടാൻ പാടില്ല.
പത്രിക സമർപ്പിക്കാൻ വരുന്ന ഒരു സ്ഥാനാർത്ഥിക്ക് ഒരു വാഹനം മാത്രം.
സ്ഥാനാർത്ഥിയോടൊപ്പം ആൾക്കൂട്ടമോ ജാഥയോ വാഹന വ്യൂഹമോ പാടില്ല.
നോമിനേഷൻ സമർപ്പിക്കുന്നവർ ഹാളിൽ പ്രവേശിക്കുന്നതിന് മുമ്പ് കൈ സോപ്പ് ഉപയോഗിച്ച് കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ വേണം.
പത്രിക സമർപ്പിക്കുമ്പോൾ സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും വേണം.
ഒരു സമയം ഒന്നിലധികം സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കുന്നതിന് വരുന്നപക്ഷം മറ്റുള്ളവർക്ക് സാമൂഹ്യ അകലം പാലിച്ച് വിശ്രമിക്കുന്നതിന് വേറെ ഹാളിൽ സൗകര്യം ഒരുക്കും.
വരണാധികാരി, ഉപ വരണാധികാരി പത്രിക സ്വീകരിക്കുന്ന വേളയിൽ നിർബന്ധമായും മാസ്‌ക്, കൈയുറ, ഫെയ്സ് ഷീൽഡ് എന്നിവ ധരിക്കണം.
ഓരോ സ്ഥാനാർത്ഥിയുടെയും നോമിനേഷൻ സ്വീകരിച്ചതിന് ശേഷം വരണാധികാരി, ഉപവരണാധികാരി സാനിറ്റൈസർ ഉപയോഗിക്കണം.
കണ്ടൈൻമെന്റ് സോണുകളിലുള്ളവരോ ക്വാറന്റൈനിലുള്ളവരോ മുൻകൂട്ടി അറിയിച്ച് വേണം നോമിനേഷൻ സമർപ്പിക്കാൻ എത്തേണ്ടത്. വരണാധികാരികൾ അവർക്ക് പ്രത്യേക സമയം അനുവദിക്കേണ്ടതും ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടതുമാണ്.
സ്ഥാനാർത്ഥി കൊവിഡ് പോസിറ്റീവ് ആണെങ്കിലോ ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം നിരീക്ഷണത്തിൽ ആണെങ്കിലോ നാമനിർദേശ പത്രിക നിർദേശകൻ മുഖേന സമർപ്പിക്കണം.