12
കുന്നുമ്മൽ സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പിടലിനെ തുടർന്ന് തകർന്ന ചേട്ടാക്കൽമുക്ക് കുളങ്ങരത്ത് റോഡ്.

കുറ്റ്യാടി: സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്തിൽ ആരംഭിച്ച പെെപ്പിടൽ പാതിവഴിയിൽ. പൈപ്പിനായി കുഴിയെടുത്ത ഭൂരിഭാഗം റോഡുകളും ചെളിനിറഞ്ഞ് കാൽനടയാത്ര പോലും ദുഷ്‌ക്കരമായ അവസ്ഥയിലായിട്ടുണ്ട്. പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.

18 കോടി രൂപ ചെലവിൽ 74 കി.മീറ്റർ ചുറ്റളവിലാണ് പൈപ്പിടൽ ആരംഭിച്ചത്.

കുന്നുമ്മൽ പഞ്ചായത്തിലെ പെരുവാണിക്കുന്നിൽ ടാങ്ക് സ്ഥാപിച്ച് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളമെത്തിക്കുന്ന പദ്ധതിയ്ക്കായി ഏകദേശം 35 കി.മീറ്റർ ദൂരത്തിൽ പൈപ്പിടൽ നടത്തിയിട്ടുണ്ട്.

പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി മിക്ക റോഡുകളും പൊളിച്ചിട്ടിരിക്കുകയാണ്.

കനത്ത മഴയിൽ പൈപ്പ് ലൈനിനു വെട്ടിയ ചാലിലൂടെ മണ്ണൊലിച്ച് റോഡിലെത്തുന്നതിനാൽ റോഡ് ഗതാഗത യോഗ്യമല്ലാത്ത വിധമായി മാറിയിട്ടുണ്ട്. രണ്ട് വർഷത്തിനകം പൂർത്തിയാകേണ്ട പദ്ധതിക്ക് പൊതുമരാമത്ത് റോഡിൽ പൈപ്പിടലിന് 3 കോടി 37. ലക്ഷം രൂപ കെട്ടിവെച്ചതിനു ശേഷമേ അനുമതി ലഭിക്കുകയുള്ളു എന്നതിനാൽ പദ്ധതി വൈകാൻ കാരണമായേക്കും. ഇതോടെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം എന്ന് യാഥാർത്ഥ്യമാവുമെന്നതിൽ അവ്യക്തത തുടരുകയാണ്.