അമ്പലവയൽ : മൂന്നര പതിറ്റാണ്ടോളം ജനപ്രതിനിധിയായി ഇരുന്നയാൾ മൽസരിക്കുന്നതിനെതിരെ കെ.പി.സി.സി നേതൃത്വം. എന്നാൽ കെ.പി.സി.സി നേതൃത്വത്തിന്റെ എതിർപ്പ് ജില്ലാ നേതൃത്വം കാര്യമായെടുക്കാത്തതിനാൽ മൽസരിക്കാൻ തയ്യാറായ നേതാവിനെതിരെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി രംഗത്തിറങ്ങി.
അമ്പലവയൽ പഞ്ചായത്തിലെ ജനറൽ വാർഡായ തോമാട്ടുചാലിലാണ് പതിറ്റാണ്ടുകൾ ജനപ്രതിനിധിയായി ഇരുന്നയാൾ വീണ്ടും എതിർപ്പ് മറികടന്ന് മൽസരിക്കാനിറങ്ങിയിരിക്കുന്നത്. ഈ വാർഡിൽ യൂത്ത് കോൺഗ്രസിന്റെ നിയോജക മണ്ഡലം പ്രസിഡന്റിനെയായിരുന്നു മതസരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ കടന്നുവരവോടെ അമ്പലവയലിലെ സ്ഥാനാർത്ഥി പട്ടിക പൂർർത്തിയാവാതായി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് പറഞ്ഞുവെച്ച സീറ്റ് നൽകിയില്ലങ്കിൽ ഈ വാർഡും സമീപ വാർഡുകളും യു.ഡി.എഫിന് നഷ്ടപ്പെടുമെന്നാണ് കോൺഗ്രസിന്റെ യുവ നേതൃത്വം പറയുന്നത്.
പഞ്ചായത്ത്‌മെമ്പർ, പ്രസിഡന്റ്, ബ്ലോക്ക് മെമ്പർ എന്നീ നിലകളിൽ മൂന്ന് പതിറ്റാണ്ടിലധികം കാലം പ്രവർത്തിച്ച ഇദ്ദേഹം മൂന്ന് തവണ മിൽക് സൊസൈറ്റിയുടെ ഭരണ സമിതിയിലും ഉണ്ടായിരുന്നു. ജനപ്രതിനിധിയായി നിരവധി തവണ ഇരുന്ന ഇദ്ദേഹം മൽസരിക്കാനുള്ള തീരുമാനം ഉണ്ടായപ്പോൾ തന്നെ കെ.പി.സി.സി. നേതൃത്വം ഇടപെട്ട് മൽസരിക്കരുതെന്ന് അറിയിച്ചിരുന്നുവത്രെ. ഇത് വകവെക്കാതെയാണ് മൽസരിക്കാനായി ഇറങ്ങിയിരിക്കുന്നതെന്നാണ് യുവനേതാക്കൾ പറയുന്നത്. ജില്ലാ നേതൃത്വം ശക്തമായി ഇടപെടാത്തതാണ് ഇദ്ദേഹം മൽസര രംഗത്തേക്ക് ഇറങ്ങാൻ കാരണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗവും യുവനിരയും പറയുന്നത്.