photo
എൻ.എസ്.എസ്. സംഘടിപ്പിക്കുന്ന അങ്കണവാടി കലോത്സവത്തിന് ഒരുങ്ങി നില്ക്കുന്ന കൊച്ചു കുട്ടി കൊയിലാണ്ടി പൂക്കാട് സ്വദേശി അന്നപൂർണ്ണ

ബാലുശ്ശേരി: ലോക് ഡൗൺ കാലത്ത് നിരവധി പ്രവർത്തനങ്ങളിലൂടെ സജീവമായ ജില്ലയിലെ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കിം വളണ്ടിയർമാർ ശിശുദിനത്തിൽ സ്നേഹ സമ്മാനം പദ്ധതിയുമായി രംഗത്ത്.

അങ്കണവാടിയിലെ നാല് വയസിൽ താഴെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികളാണ് സ്നേഹ സമ്മാനം പദ്ധതിയിലൂടെ നടത്തുന്നത്.

വളണ്ടിയർമാരുടെ വീട്ടിലും, അയൽ വീട്ടിലും, കുടുംബത്തിലുമുള്ള കുട്ടികളുടെ നാടോടി നൃത്തം , ആംഗ്യപ്പാട് , ലളിതഗാനം , പ്രച്ഛന്നവേഷം (ചാച്ചാജിയുടെ വേഷം ) എന്നീ പരിപാടികളുടെ വീഡിയോ പകർത്തുകയും ഇതിൽ നിന്ന് സ്കൂൾ പ്രോഗ്രാം ഓഫീസറുടെ സഹായത്തോടെ മികച്ചത് തെരഞ്ഞെടുത്ത് ജില്ല തലത്തിലേക്ക് കൈമാറുകയും ചെയ്യും.

ഇവ പരിശോധിച്ച് മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് ജില്ല തലത്തിൽ സ്നേഹ സമ്മാനം നൽകും . ഒപ്പം കുരുന്നുകളുടെ മികച്ച കലാപ്രകടനങ്ങൾ കൂട്ടിച്ചേർത്ത് ജില്ലാ എൻ.എസ്. എസ്. സെൽ വീഡിയോ പുറത്തിറക്കും. ഇതോടൊപ്പം പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ അങ്കണവാടി കുട്ടികൾക്കും ഓരോ യൂണിറ്റിലെയും വളണ്ടിയർമാർ വീടുകളിലെത്തി സ്നേഹ സമ്മാനം കൈമാറും. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം എൻ.എസ്.എസ് സംസ്ഥാന കോ - ഓർഡിനേറ്റർ ഡോ. ജേക്കബ് ജോൺ നിർവഹിക്കും. ജില്ലയിലെ 13900 വളണ്ടിയർമാരും , 139 പ്രോഗ്രാം ഓഫീസർമാരും പദ്ധതിയുടെ ഭാഗമായി മാറുമെന്ന് ജില്ല കോ -ഓർഡിനേറ്റർ എസ് . ശ്രീചിത്ത് പറഞ്ഞു .