balakrishnan
സി.എച്ച്. ബാലകൃഷ്ണൻ

നാദാപുരം: വികസന പെരുമയോടെ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് സി.എച്ച്. ബാലകൃഷ്ണൻ പടിയിറങ്ങി. ബ്ലോക്കിനു കീഴിലുള്ള നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നടന്ന വികസന പ്രവർത്തനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും, ആവശ്യമായ ഡോക്ടർ, നഴ്സ്, മറ്റു ജീവനക്കാരെ നിയമിക്കുന്നതിലും മലബാർ പാക്കേജിൽ ഉൾപ്പെടുത്തി സർക്കാർ നിർമ്മിച്ച പുതിയ ബ്ലോക്ക് സാങ്കേതിക തടസങ്ങൾ നീക്കി ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിലും ഇദ്ദേഹം നടത്തിയ ഇടപെടൽ മാതൃകാപരമാണ്.

ബ്ലോകിനു കീഴിലെ അഞ്ച് പഞ്ചായത്തുകളിൽ ഗുരുതര രോഗം ബാധിച്ചവർക്ക് സൗജന്യമായി മരുന്നുകൾ വിതരണവും ഇദ്ദേഹം ചെയ്തിരുന്നു. കാർഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനായി സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ കാർഷിക ഗ്രൂപ്പുകളെ ആനുകൂല്യങ്ങൾക്ക് അർഹരാക്കി.

ജലക്ഷാമം പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ, വയോജനങ്ങൾക്കും , സ്ത്രീകൾക്കും വേണ്ടിയുള്ള നിരവധി പ്രവർത്തനങ്ങൾ എന്നിവ ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയ പ്രധാന വികസന പ്രവർത്തനങ്ങളാണ്.