കോഴിക്കോട് : കൊവിഡ് പ്രതിസന്ധി മൂലം പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് അതിജീവനത്തിനുള്ള പുതിയ സാങ്കേതികവിദ്യകണ്ടെത്തിയതിലൂടെ ശ്രദ്ധേയരാവുകയാണ് മുക്കം സ്വദേശികളായ മുഅ്മിൻ അലിയും ബിജിൻ ദാസും. മത്സ്യകൃഷി യിൽ പുത്തൻ സാങ്കേതികവിദ്യ പരീക്ഷിച്ച് വിജയം നേടിയിരിക്കുകയാണ് ഇവർ.
രണ്ടര മീറ്റർ മാത്രം വ്യാസമുള്ള കുളത്തിൽ ശാസ്ത്രീയമായി മത്സ്യം വളർത്തുന്നതിനൊപ്പം അനുബന്ധമായി 16 ഇനം പച്ചക്കറികൾ കൃഷി ചെയ്യാൻ കൂടി സാധിക്കുന്ന 'ഗോപാറ്റ് ടെക്നോളജി" അറേബ്യൻ ബുക് ഓഫ് റെക്കാർഡ്സിൽ ഇടം നേടിക്കഴിഞ്ഞു. ഈ പുതിയ രീതിയിലൂടെ 500 ഗ്രാം വരെയുള്ള 300 മത്സ്യങ്ങളെ വളർത്തിയെടുക്കാനാകും. വെള്ളം മാറ്റേണ്ടതില്ല. നിരന്തര ശ്രദ്ധ ആവശ്യമില്ലെന്നതും സവിശേഷതയാണ്.കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് വെള്ളത്തിലെ മാലിന്യം ശുദ്ധീകരിക്കാനും മത്സ്യങ്ങൾക്കുള്ള ആവാസവ്യവസ്ഥ ഒരുക്കാനും സാധിക്കും. കുളത്തിലെ മാലിന്യങ്ങൾ പോഷകമൂല്യമുള്ളതാക്കി മാറ്റി വിഷരഹിത ജൈവ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനു ഉപയോഗിക്കാം. ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്കും കുറഞ്ഞ അളവിൽ ഭൂമിയുള്ളവർക്കും ഈ മത്സ്യകൃഷി ഏറെ അനുയോജ്യമാണെന്ന് എം.പി. മുഅ്മിൻ അലി, കെ. ബിജിൻദാസ്, പി.വിനിഷ് എന്നിവർ പറയുന്നു. മത്സ്യഫെഡ് പോലുള്ള സർക്കാർ സംവിധാനങ്ങളുടെ സഹകരണത്തോടെ പുത്തൻ ഉത്പന്നം വിപണിയിലിറക്കാനൊരുങ്ങുകയാണ് ഇവർ.
പദ്ധതിയുടെ ലോഞ്ചിംഗ് ഇന്ന് കോഴിക്കോട് രാരിച്ചൻ റോഡിലെ പാഷൻ അക്വാപോണിക്സിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ എന്നിവർ ചേർന്ന് നിർവഹിക്കും.