കോഴിക്കോട്: പടർന്നു കയറിയ കൊവിഡിന്റെ ഭീഷണി വിടാതെ നിൽക്കുകയാണെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചതോടെ തന്നെ പ്രചാരണത്തിന്റെ ഓളങ്ങളുയർന്നു തുടങ്ങി. പാളയം മൊയ്തീൻ പള്ളിയ്ക്കു സമീപം മസ്ജിദ് ബസാറിലെ തങ്കച്ചന്റെ കടയിൽ അതോടെ തിരക്കിന്റെ പൂരത്തിനും കൊടിയുയർന്നു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങളോടെയുള്ള കൊടികളും പേപ്പർ തൊപ്പിയും ഷാളുകളുമൊക്കെയായി സമ്പന്നമാണ് ഈ ഇലക്ഷൻ കട. ദൂരദിക്കുകളിൽ നിന്നു പോലും ആളുകൾ കേട്ടറിഞ്ഞ് ഇവിടേക്ക് എത്തുന്നുണ്ട്.
തൃശൂർ കുന്ദംകുളം സ്വദേശിയായ സി.എസ് തങ്കച്ചൻ ഏഴു വർഷമായി ബുക്ക്സ്റ്റാൾ പൂർണമായും പാർട്ടി സാമഗ്രികൾക്കായി മാറ്റിയിട്ട്. രാഷ്‌ട്രീയ കക്ഷികളുടെ സമരങ്ങൾ. സമ്മേളനങ്ങൾ എന്നിവയ്ക്കെല്ലാം കടയിൽ ഡിമാൻഡ് ഏറെയാണ്. കൊവിഡ് ലോക്ക് ഡൗൺ വന്നതോടെ കച്ചവടം മരവിച്ചെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിറകെ തന്നെ കച്ചവടം തിരിച്ചുപിടിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഓരോ രാഷ്ട്രീയ കക്ഷിയ്ക്കും പ്രചാരണത്തിന് ഉപയോഗിക്കാവുന്ന അൻപതോളം സാമഗ്രികളെങ്കിലുമുണ്ട് ഈ കൊച്ചു കടയിലെ കലവറയിൽ. പാർട്ടി ചിഹ്നവുമായുള്ള മാസ്‌കിന് 12 രൂപയാണ് വില. ഷാളിന് 15 രൂപ. തുണിത്തൊപ്പിയുടെ നിരക്ക് 20 രൂപ. കടലാസ് തൊപ്പിയെങ്കിൽ 10 രൂപ മാത്രം. ചെറിയ പോസ്റ്റർ ഒന്നിന് 50 പൈസ നിരക്കിലാണ് വില്പന. നൂറെണ്ണം അടങ്ങിയ കെട്ടുകളായാണ് വില്പന. ബാഡ്‌ജ് 100 എണ്ണത്തിന് 80 രൂപയാണ്. കൊടികൾക്ക് 50 രൂപയും.
ശിവകാശിയിൽ നിന്നാണ് പോസ്റ്ററുകളും നോട്ടീസുകളും പേപ്പർ തൊപ്പികളുമെല്ലാം എത്തിക്കുന്നത്. കൊടികളും ഷാളുകളും ഇറക്കുന്നത് കുന്ദംകുളത്തു നിന്നാണ്.
''ഇത്തവണ തിരഞ്ഞെടുപ്പിന്റെ പൊലിമ കുറേയൊക്കെ കൊവിഡ് കവരുമെങ്കിലും സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾക്കും പോസ്റ്ററുകൾക്കും ഡിമാൻഡ് കുറയില്ലെന്ന പ്രതീക്ഷയാണ്. വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടിത്തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കച്ചവടം കേമമാവാതിരിക്കില്ല.
സി.എസ് തങ്കച്ചൻ