പേരാമ്പ്ര : കൂരാച്ചുണ്ട് കരിയാത്തും പാറയിൽ മദ്യവില്പനക്കിടയിൽ 90 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കൂരാച്ചുണ്ട് സ്വദേശി പ്രദീപ് കുമാർ (39) ആണ് പിടിയിലായത്. പേരാമ്പ്ര എക്‌സൈസ് സർക്കിൾ പ്രിവന്റീവ് ഓഫീസർ തറോൽ രാമചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. മദ്യ വില്പനക്കായ് ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലിരുന്നു പരിശോധന. കോഴിക്കോട് നിന്ന് മദ്യം കൊണ്ട് വന്ന് കരിയാത്തുംപാറ ഭാഗത്ത് വില്പന നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. വർഷങ്ങളായി ഇവിടെ വ്യാജമദ്യ വില്പന നടത്തി വരുന്നയാളാണെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. സിവിൽ ഓഫീസർമാരായ അജയ കുമാർ, ഗണേശ് കുമാർ, ഡ്രൈവർ ദിനേശൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ബാലുശ്ശേരി റേഞ്ചിന് കൈമാറി. ഇയാളെ കോടതിയിൽ ഹാജരാക്കി.