gase
വിലങ്ങാട് ഉരുട്ടിയിലെ ഗ്യാസ് ഗോഡൗണിനെതിരെ നാട്ടുകാരുടെ പ്രതിഷേധം പൊലിസ് തടയുന്നു

പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം

നാദാപുരം: വിലങ്ങാട് ഉരുട്ടിയിൽ പാചക ഗ്യാസ് ഗോഡൗൺ നിർമ്മാണ സ്ഥലത്ത് തള്ളിക്കയറി നിർമ്മാണം തടസപ്പെടുത്താനുള്ള സമര സമിതിയുടെ ശ്രമം സംഘർഷത്തിനിടയാക്കി. നേരത്തെ പഞ്ചായത്തിന്റെ അനുമതി ലഭിച്ച സ്ഥലത്ത് കോടതി ഉത്തരവോടെ തുടങ്ങിയ പ്രവൃത്തിയാണ് സമരസമിതി തsയാൻ ശ്രമിച്ചത്. പ്രതിഷേധക്കാരെ തടയാൻ വൻ പൊലീസ് സന്നാഹമാണ് ഇന്നലെ രാവിലെ സ്ഥലത്ത് എത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ സ്ഥലത്തെത്തിയ പ്രതിഷേധക്കാർ ഗോഡൗൺ നിർമ്മിക്കുന്ന സ്ഥലത്ത് തള്ളിക്കയറി പ്രവൃത്തി തടസ്സപ്പെടുത്താൻ ശ്രമിച്ചതോടെ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും നടന്നു. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. വാണിമേലിൽ ഗ്യാസ് ഏജൻസി അനുവദിച്ചതോടെ ഇവിടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാനുള്ള ശ്രമം സമരസമിതി തടഞ്ഞിരുന്നു. ഇതോടെ പ്രവൃത്തി നിറുത്തിവെച്ചു. ആദിവാസികൾ അടക്കം നിരവധി കുടുംബങ്ങൾ താമസിക്കുന്ന ജനവാസ കേന്ദ്രത്തിൽ ഗ്യാസ് ഗോഡൗൺ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരസമിതി രംഗത്തെത്തിയത്. ഗ്യാസ് ഗോഡൗണിന് അനുകൂലമായി കോടതി വിധി വന്നതോടെ പ്രവൃത്തി പുനരാരംഭിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് നീക്കിയ സമര സമിതി പ്രവർത്തകരെ പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകി വിട്ടയച്ചു. ഗ്യാസ് ഗോഡൗണിനെതിരെ സമരം തുടരുമെന്ന് കർമ്മ സമിതി വ്യക്തമാക്കി.