preethi
പ്രസാദിനോടൊപ്പം സഹപാഠികൾ ഒത്ത് ചേർന്നപ്പോൾ

മാനന്തവാടി: മാനന്തവാടി ഗവ.കോളേജിലെ 1987-89 ബാച്ചിലെ സഹപാഠികൾ ഒത്ത് ചേർന്നത് ഒാർമ്മപുതുക്കാൻ മാത്രമായിരുന്നില്ല. സഹപാഠിയും 12 വർഷമായി കിടപ്പിലായ ഓട്ടോറിക്ഷാ തൊഴിലാളിയുമായ പ്രസാദിന്റെ വീടിന്റെ ചോർച്ചയകറ്റാൻ വേണ്ടിയായിരുന്നു അത്. വാട്‌സ് അപ്പ് കൂട്ടായ്മ വഴിയായിരുന്നു ഇൗ കൂടിച്ചേരൽ. 63 പഴയ സഹപാഠികൾ ഒരു ലക്ഷത്തോളം രൂപ മുടക്കി വീടിന് മുകളിൽ ഷീറ്റ് മേഞ്ഞു. പ്രീതി അജയകുമാർ, അരവിന്ദൻ, ദിലീപ്, അനിൽ കുമാർ, പ്രദീപ്, പ്രസന്ന തുടങ്ങിയവർ നേതൃത്വം നൽകി.

സഹപാഠിയായിരുന്ന പ്രസാദിന്റെ വീട്ടിൽ ഒത്തുചേർന്നപ്പോൾ പലർക്കും പരസ്പരം തിരിച്ചറിയാൻ ഇത്തിരി സമയം വേണ്ടി വന്നു. പിന്നെ പഴയ കലാലയ ജീവിതത്തിലെ കുറുമ്പുകൾ പങ്കുവച്ചു. രോഗാവസ്ഥയിൽ കഴിയുന്ന പ്രസാദിന് ഇന്ന് എല്ലാവരും ഒപ്പമുണ്ടെന്ന സന്തോഷം.