കോഴിക്കോട് : ദീപാവലിയെ വരവേൽക്കാൻ നഗരങ്ങളിലെന്ന പോലെ നാട്ടിൻപുറങ്ങളിലും മിഠായിപെട്ടികൾ നിറഞ്ഞു.
കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയാത്ത സാഹചര്യത്തിൽ ദീപാവലി ആഘോഷങ്ങൾക്ക് പൊലിമ കുറയുമെങ്കിലും നഗരത്തിലെ ബേക്കറികളിലെല്ലാം മധുരമൂറുന്ന തരാതരം ഇനങ്ങൾ നിരന്നിട്ടുണ്ട്. വൈവിധ്യമാർന്ന നിരയിൽ സ്പെഷൽ ഐറ്റങ്ങളുമായി വർണക്കടലാസിൽ പൊതിഞ്ഞ പെട്ടികൾ അട്ടിക്കണക്കിനാണ് എങ്ങും.
പതിവുപോലെ ബംഗാളി വിഭവങ്ങൾക്കാണ് ഇത്തവണയും ഡിമാൻഡ് കൂടുതലും. അതേസമയം, മിഠായികൾക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് ആവശ്യക്കാർ വളരെ കുറവാണെന്ന് വ്യാപാരികൾ പറയുന്നു. ഇനി ഇന്നെങ്കിലും തിരക്കുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇവരൊക്കെയും.
പാൽഗോവ, മിൽക്ക് ബർഫി, മിൽക്ക് പേഡ, ആപ്പിൾ പേഡ, മിൽക്ക് റോൾ, ഗീപാക്ക്, ബംഗാളി ഹൽവ തുടങ്ങി 25 ഇനം മധുര പലഹാരങ്ങൾ അടങ്ങിയ ബംഗാളി സ്വീറ്റ്സിന് ഒരു കിലോയ്ക്ക് 300 രൂപയും അര കിലോയ്ക്ക് 140 രൂപയാമാണു വില. ഓർഡിനറി വിഭവങ്ങളായ മൈസൂർ പാക്ക്, ലഡു, ഹൽവ, ഗീവട, പാൽ കേക്ക് തുങ്ങി 15 മധുര പലഹാരങ്ങൾ അടങ്ങിയ കിറ്റിനു കിലോയ്ക്ക് 140 മുതൽ 200 രൂപ വരെയാണ് നിരക്ക്. 80 മുതൽ 90 രൂപ വരെ നിരക്കിൽ മിക്സ്ഡ് മിഠായികളും ലഭ്യമാണ്.
കണ്ടെയ്ൻമെന്റ് സോണുകളിൽ പൊതുവെ ആളുകളുടെ വരവ് ഇല്ലെന്നുതന്നെ പറയാം. സ്റ്റോക്ക് തീരാൻ ഇനി എത്ര നാളുകൾ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയാണ് ഇവിടങ്ങളിലെ വ്യാപാരികളിൽ.
ഗുജറാത്തി സമൂഹത്തിലുൾപ്പെടെ ഇത്തവണ ദീപാവലി ആഘോഷത്തിന് മാറ്റു കുറയും. ഒത്തുകൂടലുകൾക്ക് പരിമിതിയുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ആഘോഷം.
''മുൻവർഷങ്ങളിലൊക്കെ ദീപാവലി കച്ചവടം ഒന്നു വേറെ തന്നെയായിരുന്നു. ഈ വർഷം ഇതുവരെ കച്ചവടം പേരിനേ നടന്നിട്ടുള്ളൂ. ചെറുകിട കച്ചവടക്കാരാണ് ഇപ്പോൾ മിഠായികൾ വാങ്ങാൻ വരുന്നതിൽ നല്ലൊരു പങ്കും.
- നഗരത്തിലെ ഒരു വ്യാപാരി