കുറ്റ്യാടി: കോഴിക്കോട് ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകാൻ കുട്ടികളുടെ പ്രധാനമന്ത്രിയായി മൂന്നാം ക്ലാസ് വിദ്യാർത്ഥിനി നിയ സുരേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് മരുതോങ്കരയിലെ ഗവൺമെന്റ് എൽ.പി. സ്കൂൾ അദ്ധ്യാപകരും കുട്ടികളും.
വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ പ്രസംഗ മത്സരത്തിൽ ഒന്നാമതെത്തിയാണ് നിയ ഈ നേട്ടം കൈവരിച്ചത് .
ഇന്ന് രാവിലെ പത്തിന് ചേവായൂർ അങ്കണവാടി അദ്ധ്യാപികാ പരിശീലനകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങ് നവമാധ്യമത്തിലൂടെ തത്സമയം കാണാം.
നിയയുടെ സഹോദരി ഹെൽനയും ഇതേ സ്കൂളിലെ വിദ്യാർത്ഥിനിയാണ്. സർഗവാസനകൾ വർധിപ്പിക്കുവാൻ അദ്ധ്യാപകരും രക്ഷിതാക്കളും സഹകരിച്ച് നടത്തിയിട്ടുള്ള വിവിധ പരിപാടികളിലൂടെ ഗവ. എൽ.പി. സ്കൂൾ മരുതോങ്കര ഇതിനു മുൻപും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. അവയിലൊന്നാണ് കുട്ടികളുടെ വാർത്താപരിപാടിയായ ' കുട്ടീസ് ന്യൂസ് ' . സർക്കാർ സ്കൂളുകളെ മികവിന്റെ കേന്ദ്രമാക്കുവാൻ സാധിയ്ക്കും എന്ന വിശ്വാസമാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തന ഊർജ്ജം.