മാനന്തവാടി: കൃഷിക്കായി വിത്ത് ഇറക്കി, വയൽ നിറയെ മുളച്ചതാകട്ടെ കളകൾ. മാനന്തവാടി വരടിമൂല പാടശേഖരത്തേ വയലിലാണ് 6 ഏക്കർ സ്ഥലത്ത് കളകൾ നിറഞ്ഞിരിക്കുന്നത്. ഏരുമത്തെരുവ് മാങ്കാളി വെങ്കിട്ടന്റെ സ്ഥലത്താണ് കണിയാമ്പറ്റ സ്വദേശി ബാലനുമായി ചേർന്ന് നഞ്ചക്കൃഷി ചെയ്തത്. സർക്കാർ അംഗീകൃത വിതരണ കേന്ദ്രത്തിൽ നിന്നു വാങ്ങിയ ഉമ നെൽവിത്ത് ആണ് വിതച്ചത്. എന്നാൽ കതിര് പാകമായി വരുമ്പോൾ കാണുന്നത് ഉയരത്തിൽ വളർന്ന് നിൽക്കുന്ന കളകൾ.
കഴിഞ്ഞ വർഷവും ഉമ നെൽവിത്ത് ഉപയോഗിച്ചാണ് കൃഷി ചെയ്തത്. ഇതിനോട് തൊട്ട് കിടക്കുന്ന പാടങ്ങളിൽ എടവക, ആതിര നെൽവിത്തുകളാണ് വിതച്ചത്. ഇവിടങ്ങളിൽ നെല്ലിന് പ്രശ്നങ്ങളില്ല.
നെൽകൃഷിയിൽ ആദ്യമായാണ് ഇത്തരം ഒരു അനുഭവമെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് സഹായം ഉണ്ടാകണമെന്നും 30 വർഷത്തിലെറെയായി നെൽകൃഷി ചെയ്യുന്ന വെങ്കിട്ടൻ പറഞ്ഞു. ബാങ്ക് വായ്പയും മറ്റുമെടുത്ത് കൃഷി ഇറക്കിയ ഇവർ ഇപ്പോൾ കടുത്ത ആശങ്കയിലാണ്.