സുൽത്താൻ ബത്തേരി : രാഷ്ട്രീയ പാർട്ടികൾക്ക് ഏത് തരത്തിലുള്ള പ്രചരണ ഗാനങ്ങളും എഴുതി നൽകാൻ സലീം തയ്യാർ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തിരഞ്ഞടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ട പ്രചരണ ഗാനമെഴുതി ശ്രദ്ധേയനായ ആളാണ് മാടക്കര താഴത്തൂർ സ്വദേശിയായ അവർകുന്ന് സലീം.
2004 മുതലാണ് സലീം പ്രചരണ ഗാനങ്ങൾ എഴുതാൻ തുടങ്ങിയത്. തുടർന്ന് തിരഞ്ഞെടുപ്പ് കാലമായാൽ സലീം തിരക്കിലാകും. രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ആവശ്യപ്പെടുന്നതിനനുസരിച്ച് ഗാനങ്ങൾ എഴുതി നൽകും. രണ്ട് പതിറ്റാണ്ടിലേക്കടുക്കുന്ന തന്റെ ഗാനമെഴുത്തിൽ ഇതുവരെ 55-ഓളം ഗാനങ്ങളാണ് സലീം എഴുതി ഹിറ്റായത്. ഏത് രീതിയിലുള്ള പാട്ടുകളാണ് വേണ്ടതെന്ന് പറഞ്ഞാൽ സലീം അത്തരത്തിലുള്ള പാട്ടുകൾക്ക് ഈണം നൽകും. വയനാടിന് പുറമെ മലപ്പുറം, കണ്ണൂർ ജില്ലകളിലെ സ്ഥാനാർത്ഥികൾക്കും സലീം ഗാനങ്ങൾ എഴുതി നൽകിയിട്ടുണ്ട്. മലപ്പുറം ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്ന എം.പി.ഫൈസലിനു വേണ്ടിയും പാട്ട് എഴുതിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടാൽ രണ്ട് ദിവസത്തിനകം ഗാനങ്ങൾ എഴുതി നൽകും. തിരഞ്ഞെടുപ്പ് കാലത്ത് സലീമിന് ഇത് ഉപജീവനമാർഗ്ഗം കൂടിയാണ്. ഇതിന് പുറമെ ആൽബം പാട്ടുകളും എഴുതിയിട്ടുണ്ട്. ഭാര്യയും നാല് കുട്ടികളുമടങ്ങുന്നതാണ് സലീമിന്റെ കുടുംബം.