കോഴിക്കോട്: ഇടത് മുന്നണിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജമീല കാനത്തിൽ പ്രസിഡന്റാകുമെന്ന് ഉറപ്പായി.
2010- 15 കാലഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജമീല കാനത്തിൽ മികച്ച പ്രസിഡന്റെന്ന പേരോടെയാണ് പടിയിറങ്ങിയത്. കഴിഞ്ഞ തവണ മത്സരരംഗത്ത് നിന്ന് മാറി നിന്ന ഇവർ ഇപ്രാവശ്യം ഇടതു മുന്നണിക്ക് മുൻതൂക്കമുള്ള നന്മണ്ട ഡിവിഷനിൽ നിന്നാണ് ജനവിധി തേടുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഒട്ടേറെ സ്ത്രീ സൗഹൃദ പദ്ധതികൾ ആവിഷ്കരിച്ച് കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജന പിന്തുണ നേടിയിരുന്നു. 1996ൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് അംഗമായാണ് പൊതുരംഗത്ത് സജീവമാകുന്നത്. 2000 മുതൽ 2006 വരെ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്നു. 2006 മുതൽ 10 വരെ ചേളന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി.
ജില്ലാ പഞ്ചായത്ത് രൂപീകരിച്ച കാലം മുതൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് എന്നും ഇടത് മുണണിക്ക് ഒപ്പമായിരുന്നു. 2010ൽ യു.ഡി.എഫ് കനത്ത വെല്ലുവിളി ഉയർത്തിയെങ്കിലും ഭരണം നിലനിർത്തി. വീരേന്ദ്രകുമാർ നേതൃത്വം നൽകുന്ന ജനതാദൾ യു.ഡി.എഫിനൊപ്പം ചേർന്ന സമയത്ത് നടന്ന തിരഞ്ഞെടുപ്പിൽ ഒരംഗത്തിന്റെ ഭൂരിപക്ഷത്തിനാണ് ഇടത് മുന്നണി ഭരണം നിലനിർത്തിയത്. ഇത്തവണ ലോക് താന്ത്രിക് ജനതാദൾ ഇടത് മുന്നണിയോടൊപ്പമാണ്. നാല് ഡിവിഷനുകളിലാണ് അവർ മത്സരിക്കുന്നത്.