കോഴിക്കോട് : കൊവിഡ് കാലത്തും നഗരത്തിന്റെ ദാഹമകറ്റി മുന്നേറുകയാണ് 'കുടുംബശ്രീ തീർത്ഥം'. കോഴിക്കോട് കോർപ്പറേഷൻ കുടുംബശ്രീ സിറ്റി വാട്ടർ ഗ്രൂപ്പിന്റെ തീർത്ഥം കുടിവെള്ള പദ്ധതിയാണ് പുതു ചരിത്രം രചിക്കുന്നത്. കൊവിഡിന് മുമ്പ് 100 കുപ്പി വെള്ളം വിറ്റുകൊണ്ടിരുന്ന യൂണിറ്റിപ്പോൾ പ്രതിദിനം 400ലധികം കുപ്പിവെള്ളമാണ് വിൽപ്പന നടത്തുന്നത്. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ പ്രതിസന്ധി നേരിട്ടെങ്കിലും കൊവിഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കും കുടിവെള്ളമെത്തിക്കാൻ തുടങ്ങിയതോടെ പ്രതിസന്ധി പതിയെ നീങ്ങി. കൂടാതെ ഓൺലൈൻ വഴിയുള്ള 'ജല വാട്ടറുമായി' കൈകോർത്തതോടെ തീർത്ഥത്തിന് ആവശ്യക്കാരേറി. ജല വാട്ടർ ആപ്ലിക്കേഷൻ വഴി ബുക്ക് ചെയ്താൽ കുടിവെള്ളം വീടുകളിലോ സ്ഥാപനങ്ങളിലോ എത്തിക്കും.
നിലവിൽ നഗരത്തിലെ എഫ്.എൽ.ടി.സികളിലും വെള്ളം വിതരണം ചെയ്യുന്നു. നേരത്തെ രണ്ട് വാഹനങ്ങളാണ് വിതരണത്തിനായി ഉണ്ടായിരുന്നത്. ജല വാട്ടറുമായി സഹകരിച്ചതോടെ മൂന്നു വാഹനങ്ങളിലായി വിതരണം. 20 ലിറ്റർ വെള്ളത്തിന് 30 രൂപയാണ് തീർത്ഥം ഈടാക്കുന്നത്. 2017 ജൂണിൽ കോർപ്പറേഷന്റെ പിന്തുണയോടെയാണ് തീർത്ഥം പദ്ധതി തുടങ്ങിയത്. ആദ്യഘട്ടത്തിൽ വീടുകളിലും ഫ്ളാറ്റുകളിലുമായിരുന്നു കുടിവെള്ളമെത്തിച്ചിരുന്നത്. ലോക്ക് ഡൗണിന് ശേഷം ഹോട്ടലുകളിലടക്കം വെള്ളമെത്തിക്കുന്നു. കോർപ്പറേഷൻ പഴയ കെട്ടിടത്തിന് സമീപത്താണ് തീർത്ഥം പ്ലാന്റ് സ്ഥിതിചെയ്യുന്നത്. കെമിക്കൽ ട്രീറ്റ്‌മെന്റുകൾ ഇല്ലാതെ ശാസ്ത്രീയമായ രീതിയിൽ ക്ലോറിനേഷനും ഫിൽട്ടറും നടത്തിയാണ് വെള്ളം കുപ്പികളിൽ നിറക്കുന്നത്. അടുത്ത പ്ലാന്റ് വരുന്നതോടെ കൂടുതൽ കുടിവെള്ളം വിൽക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ അംഗങ്ങൾ.