കാട്ടിക്കുളം: കാട്ടിലേക്ക് തുരത്തിയ കടുവ വീണ്ടും നാട്ടിലെത്തി. വളർത്തുനായയെ കൊലപ്പെടുത്തി. സൊസൈറ്റിയിൽ പാൽ കൊടുക്കാൻ പോയവർ കടുവയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ പത്ത് ദിവസമായി ഈ പ്രദേശത്തെ ഭീതിയിലാഴ്ത്തിയ കടുവയെ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വനപാലകർ കാട്ടിലേക്ക് തുരത്തിയത്.
ഇന്നലെ രാത്രിയിൽ കാട്ടിക്കുളം എടയൂർകുന്ന് കണ്ടന്താനത്ത് വിജയന്റെ വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തു നായയെ കടുവ കൊന്നു തിന്നു. രാവിലെ പാലുമായി സൊസൈറ്റിയിലേക്ക്‌ പോകുന്നവരും റോഡിൽ വെച്ച് കടുവയെ കണ്ടു.
കടുവയുടെ മുമ്പിൽ പെട്ട സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിലവിളിച്ച് ഒച്ചവെച്ചതിനാൽ കടുവ തോട്ടത്തിലേക്ക് ഓടി മറഞ്ഞു.

വിവരം അറിഞ്ഞ ബേഗൂർ റേഞ്ച്ഓഫിസർ വി.രതീശൻ, ഫോറസ്റ്റർമാരായ ടി.ആർ.സന്തോഷ്, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും കടുവയെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം ആരംഭിച്ചു.

ഇതിനിടയിൽ കടുവയെ കൂട് വച്ച് പിടിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി. സ്ഥലത്തെത്തിയ എം.എൽ.എയും വനപാലകരും തമ്മിൽ സംസാരിച്ച് കടുവയെ കണ്ടെത്തി സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുന്നത് വരെ സ്ഥലത്ത് കാവൽ ഏർപ്പെടുത്തുമെന്നും, ബത്തേരിയിലെ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ സഹായത്തോടെ വിദഗ്ധരുടെ നേതൃത്വത്തിൽ സ്ഥലത്ത് ക്യാമറകൾ സ്ഥാപിക്കുമെന്നും ബേഗൂർ റേഞ്ച് ഓഫിസർ രതീശൻ ഉറപ്പ് നൽകി.