ele

വൈത്തിരി : ഇരുപത് വർഷക്കാലം ഇടതുപക്ഷത്തോടൊപ്പം നിന്ന പഞ്ചായത്ത് കഴിഞ്ഞ തവണ വലത്തോട്ട് ചാഞ്ഞ് മധ്യത്തിൽ നിന്നെങ്കിലും നറുക്കെടുപ്പിൽ ഇടത്തേക്ക് തിരിഞ്ഞതോടെയാണ് വൈത്തിരി പഞ്ചായത്തിൽ ഭരണം നിലനിർത്താനായത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണം ഇത്തവണ തിരിച്ചുപിടിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്.

ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് ഭരണം നിലനിർത്താനായത് എന്ന്‌ ബോധ്യമുള്ള ഇടതുപക്ഷം വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുന്നതിന്‌വേണ്ട പ്രവർത്തനങ്ങളുമായാണ് തിരഞ്ഞടുപ്പ് രംഗത്തുള്ളത്.
ഭരണനേട്ടം എടുത്തുകാട്ടിയാണ് എൽ.ഡി.എഫ് പ്രധാനമായും വോട്ടർമാരെനേരിടുന്നത്. അഞ്ച് വർഷത്തെ വികസന മുരടിപ്പ് യു.ഡി.എഫ് ഉയർത്തുന്നു. തുടർച്ചയായി ഇടതുപക്ഷത്തിന് സ്വാധീനമുണ്ടായിരുന്ന മേഖലയിൽ ഇപ്പോൾ യു.ഡി.എഫും ശക്തിയാജിച്ചിട്ടുണ്ട്.

ജില്ലയിലെ പ്രധാന ടൂറിസം മേഖലകളിലൊന്നായ വൈത്തിരി അതീവ പാരിസ്ഥിതിക പ്രദേശം കൂടിയാണ്. കാർഷികമേഖലയെ ആശ്രയിച്ചു കഴിയുന്നവർ കൂടുതലുള്ള ഇവിടെ കാർഷികമേഖലയ്ക്ക് പരിഗണന നൽകികൊണ്ടുള്ള വികസനമാണ് കഴിഞ്ഞ ഭരണ സമിതികളെല്ലാം നടത്തിയത്. രണ്ട് വർഷം തുടർച്ചയായുണ്ടായ പ്രളയം വൈത്തിരിയെ തകർത്തു. പുനരുദ്ധാരണത്തിനും മേഖലയുടെ വികസനവും ലക്ഷ്യം വെച്ചുള്ള പദ്ധതികളാണ് ഭരണസമിതി കൈക്കൊണ്ടത്. എന്നാൽ ഇത് ശരിയായ രീതിയിലല്ല നടപ്പിലാക്കിയതെന്നാണ് യു.ഡി.എഫ് ആരോപണം. പ്രളയ പുനരധിവാസങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.

വാർഡുകൾ
ശ്രീപുരം, കുഞ്ഞൻകോട്, ചുണ്ടേൽ, തളിമല, നാരങ്ങാക്കുന്ന്, ചാരിറ്റി, മുള്ളമ്പാറ, ലക്കിടി, തളിപ്പുഴ,കോളിച്ചാൽ, വൈത്തിരി ടൗൺ, പന്ത്രണ്ടാം പലം, വട്ടവയൽ, വെള്ളംകൊല്ലി.

മുൻ പ്രസിഡന്റുമാർ
ശ്രീരാമൻ നമ്പ്യാർ, കെ.കണ്ണൻ നായർ, കുര്യൻ, എം.ജെ.റോബർട്ട്, പി.വി.ജോസ്, എൻ.ആർ.നാണുനായർ, കെ.പുക്കോയ തങ്ങൾ, മുഹമ്മദ് എന്ന കുഞ്ഞാപ്പ, പി.വി.ദേവസ്., ടി.ജെ. കുര്യൻ ടി.എം.ഉസ്മാൻ, കെ.കെ.കൃഷ്ണൻ, പി.ഗഗാറിൻ, അനിത ടീച്ചർ, വി.ഉഷാകുമാരി.

ഭരണ സമിതിയുടെ നേട്ടങ്ങൾ
പ്രളയത്തിൽ തകർന്ന അറമല, അയ്യപ്പൻകുന്ന്‌ കോളനികളിലെ 57 കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കി. 242 വീടുകൾ നിർമ്മിച്ചു നൽകി. വീര ജവാൻ വസന്തകുമാറിന് എട്ട് ലക്ഷം രൂപ ചെലവിൽ സ്മൃതി മണ്ഡപം നിർമ്മിച്ചു.പുതിയ ഓഫീസ് കെട്ടിടം. പഞ്ചായത്ത് ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലും സൗരോർജ പാനൽ സ്ഥാപിച്ചു. സ്ത്രീ സൗഹൃദ ,ശിശു സൗഹൃദകേന്ദ്രമാക്കി മാറ്റി. പഞ്ചായത്തിലെ. അങ്കണവാടികളെല്ലാം ഹൈടെക് ആക്കി. അറമല, ചുണ്ടേൽ, ചാരിറ്റി,കോളിച്ചാൽ, തളിപ്പുഴ, ആപ്പാട്ടുകുന്ന് ,എം.ആർ.എസ്.കുന്ന് കുടിവെളള പദ്ധതികൾ പുർത്തീകരിച്ചു. മാലിന്യ സംസ്‌ക്കരണത്തിന് ശാസ്ത്രീയ മാർഗ്ഗം സ്വീകരിച്ചു.

സീറ്റ് ധാരണ
നിലവിലുള്ള 14 സീറ്റിൽ ഇടതുമുന്നണിയിൽ സി.പി.എം 10 സീറ്റിലും 3 എണ്ണത്തിൽ സി.പി.ഐയും ഒന്നിൽ ജനതാദളുമാണ് മൽസരിക്കുക. യു.ഡി.എഫിൽ 7 സീറ്റിൽ കോൺഗ്രസും 5 -ൽ ലീഗും, 2 എണ്ണത്തിൽ യു.ഡി.എഫ് സ്വതന്ത്രരുമാണ് മൽസരിക്കുന്നത്. എൻ.ഡി.എയും മൽസര രംഗത്തുണ്ട്


ജനങ്ങളുടെ ആവശ്യവും കാലഘട്ടത്തിന്റെ ആവശ്യകതയും കണ്ടറിഞ്ഞുള്ള പദ്ധതികളാണ് നടപ്പിലാക്കിയത്. ഭവന നിർമ്മാണം കുടിവെള്ളം, ആരോഗ്യം വിദ്യാഭ്യാസം,റോഡുകളുടെ നിർമ്മാണം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി. സർക്കാരിന്റെ ഭരണനേട്ടവും പഞ്ചായത്ത് ചെയ്ത വികസന കാര്യങ്ങളും കണ്ടറിയുന്ന ജനങ്ങൾ വീണ്ടും ഇടതുപക്ഷത്തെ തന്നെ അധികാരത്തിലേറ്റും.


വി.ഉഷാകുമാരി

മുൻ പഞ്ചായത്ത് പ്രസിഡന്റ്


ടൗണിലും ഗ്രാമീണമേഖലയിലും ഒരു വികസന പ്രവർത്തനവും നടപ്പിലാക്കിയില്ല. ടൗണിൽ മൽസ്യ മാംസ മാർക്കറ്റുകൾ ഇല്ലാത്തതിനാൽ റോഡരുകിലാണ് കച്ചവടം. ഇതിന് ഒരു സ്ഥിരം കേന്ദ്രം വേണമെന്ന ആവശ്യം ഇതുവരെ നടപ്പിലാക്കാനായില്ല. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച പ്ലാസ്റ്റിക് നിർമ്മാർജന യൂണിറ്റിന്റെ പ്രവർത്തനവും പൂർത്തീകരിക്കാനായില്ല. ടൂറിസം മേഖലയുമായി ബന്ധിപ്പിക്കുന്ന ഒരു തൊഴിൽ പദ്ധതിയും നടപ്പിലാക്കിയില്ല. പ്രളയത്തിൽ തകർന്ന ബസ് സ്റ്റാന്റ് പോലും ഇതുവരെ നന്നാക്കാൻ കഴിഞ്ഞില്ല.

പി.ടി. വർഗ്ഗീസ്

കോൺഗ്രസ് അംഗം