ചേളന്നൂർ: ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വത്സലയ്ക്ക് തിരഞ്ഞെടുപ്പിന് മത്സരിക്കാൻ കെട്ടിവെക്കാനുള്ള തുക പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച് നൽകിയത് വിവാദമായി. തുക കൈമാറുന്ന ചിത്രം പഞ്ചായത്ത് പ്രസിഡന്റ് ഫേസ്ബുക്കിലിട്ടതോടെയാണ് വിവാദം കത്തിയത്. റിട്ടേണിംഗ് ഓഫീസർ കൂടിയായ സെക്രട്ടറി പണം നൽകിയത് ചട്ട വിരുദ്ധമാണെന്ന് കാണിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ വത്സലയുടെ പേരിൽ വന്ന ചിത്രവും വിവാദങ്ങളും പരാതിയോടൊപ്പം അയച്ചതായും അറിയുന്നു. മാസ്‌ക് ധരിക്കാതെ ജീവനക്കാർ കൂട്ടമായി ചടങ്ങിൽ പങ്കെടുത്തത് കൊവിഡ് പ്രോട്ടോക്കോളിന്റെ നഗ്നമായ ലംഘനം കൂടിയാണെന്ന് പരാതിയിൽ പറയുന്നു.