light
നാദാപുരം- കുറ്റ്യാടി സംസ്ഥാന പാതയിൽ ബൾബ് പോയ വൈദ്യുത തൂൺ.

കുറ്റ്യാടി: തെരുവ് വിളക്കുകൾ കണ്ണടച്ചതോടെ കുറ്റ്യാടി സംസ്ഥാന പാതയോരം ഇരുട്ടിൽ. ഇടറോഡുകളിലെ വിളക്കുകളും കത്താതായതോടെ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്.

പഞ്ചായത്തിൽ കക്കട്ട് ടൗണിന്റെ മേൽ ഭാഗം ടാക്സി സ്റ്റാൻഡിനടുത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് ടൗണിന്റെ ഒരു ഭാഗം വെളിച്ചം പകരുന്നുണ്ടെങ്കിലും പോസ്റ്റുകളിലെ വിളക്കുകളൊന്നും കത്തുന്നില്ല.

ചില വൈദ്യൂത തൂണുകളിൽ ബൾബുകൾ പോലുമില്ല. ഉള്ളവയിൽ മിക്കവയും കത്താത്തതുമാണ്.

തെരുവുവിളക്കുകൾ സ്ഥാപിക്കലും അറ്റകുറ്റപണി നടത്തലും സൊസൈറ്റികൾക്ക് കരാർ നൽകലാണ് പതിവ്. കരാർ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തതാണ് തെരുവുവിളക്കുകൾ കത്താതായതിന്റെ കാരണം.

സന്ധ്യമയങ്ങിയാൽ ഇരുട്ടിലാണ് ടൗണിലെ പ്രധാന സ്ഥലങ്ങളെല്ലാം.

മഴക്കാലമായതോടെ ക്ഷുദ്രജീവികളും മറ്റും കാൽനടയാത്രക്കാർക്ക് ഏറെ ഭീഷണിയായി മാറിയിരിക്കുകയാണ്. കുളങ്ങരത്ത്, അരൂർ റോഡ്, നരിപ്പറ്റ റോഡ്, അമ്പലകുളങ്ങര ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ തെരുവുവിളക്കുകളിൽ മിക്കവയും പ്രകാശിക്കുന്നില്ല. കരാർ നൽകൽ പ്രക്രിയ പൂർത്തിയാക്കി എത്രയും പെട്ടെന്ന് വെളിച്ചമെത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.