മുക്കം: സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി മുക്കത്ത് കോൺഗ്രസിലും മുസ്ലിംലീഗിലും തർക്കം. കോഴ ആരോപണത്തിൽ സസ്പെൻഷൻ നേരിട്ടവരെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയതാണ് കോൺഗ്രസിൽ ഉയരുന്ന പ്രതിഷേധം. ഹോട്ടലിൽ ബാർ ലൈസൻസ് അനുവദിക്കാൻ 30 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണമാണ് അന്നത്തെ രണ്ടു പഞ്ചായത്തംഗങ്ങൾക്കും പാർടിയുടെ മണ്ഡലം കമ്മിറ്റി പ്രസിഡന്റിനുമെതിരെ ഉയർന്നിരുന്നത്. വി.എം സുധീരൻ കെ.പി.സി.സി പ്രസിഡന്റായിരിക്കെ ഇവരിൽ രണ്ടുപേർക്ക് പാർടിയിൽ നിന്ന് സസ്പെൻഷനും മണ്ഡലം പ്രസിഡന്റിന് തരംതാഴ്ത്തലും നേരിടേണ്ടി വന്നു. ഇവരെ മണ്ഡലം കമ്മിറ്റി സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തുകയും ജില്ല കോൺഗ്രസ് കമ്മിറ്റി അംഗീകാരം നൽകുകയും ചെയ്തതാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്. അവർ കെ.പി.സി സി പ്രസിഡന്റിന് പരാതി നൽകി നടപടി കാത്തിരിക്കുകയാണ്. ചേന്ദമംഗല്ലൂർ മേഖലയിൽ നാലു സീറ്റ് വെൽഫെയർ പാർട്ടിക്ക് നൽകിയതിൽ പ്രതിഷേധം പുകയുകയാണ്. മുസ്ലിം ലീഗിന്റെ ചില സീറ്റുകളിൽ വിമത സ്ഥാനാർത്ഥികൾ രംഗത്തു വന്നതാണ് ലീഗിനെ അലട്ടുന്ന പ്രശ്നം. കൊടിയത്തൂർ പഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തി മുന്നണിയുടെ പരാജയത്തിന് വഴിയൊരുക്കിയവർ പ്രധാന പദവികളിലെത്തുകയും സ്ഥാനാർത്ഥികളാവുകയും ചെയ്തത് രണ്ടു പാർട്ടികളിലും വലിയ പ്രതിഷേധത്തിനും രോഷത്തിനും കാരണമായി. 3,4,10,14,16. വാർഡുകളിൽ യു.ഡി.എഫ് പരാജയപ്പെട്ടത് വിമത പ്രവർത്തനം മൂലമാണെന്നാണ് പ്രവർത്തകരുടെ പരാതി. സുന്നി, മുജാഹിദ് വിഭാഗങ്ങൾക്ക് സ്വാധീനവും ഭൂരിപക്ഷവുമുള്ള ഒന്നാം വാർഡ് താരതമ്യേന അംഗസംഖ്യ കുറവായ ജാമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടിക്ക് നൽകിയതിൽ മുസ്ലിം ലീഗിലും കോൺഗ്രസിലും പ്രതിഷേധം പുകയുകയാണ്. തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കലിൽ കോൺഗ്രസ് മഹിള നേതാവ് സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫിൽ ചേർന്ന് മത്സരിക്കുന്നു. അവിടെ കേരള കോൺഗ്രസ് (എം) മഹിള വിഭാഗം മണ്ഡലം സെക്രട്ടറി പാർടിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു കഴിഞ്ഞു.