ബാലുശ്ശേരി:കള്ളക്കടത്ത് മുന്നണികൾക്കെതിരെ ശക്തമായ ജനവികാരം തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യം ബാലുശ്ശേരി നിയോജക മണ്ഡലം സ്ഥാനാർത്ഥി സംഗമവും ജില്ലാ പഞ്ചായത്ത് ബാലുശ്ശേരി ഡിവിഷൻ സ്ഥാനാർത്ഥി ഷൈനി ജോഷിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളക്കടത്ത് അന്വേഷണം രണ്ട് മാസം പൂർത്തിയായതോടെ ബി.ജെ.പി പറഞ്ഞ എല്ലാ കാര്യവും ശരിയാണെന്ന് വ്യക്തമായി. അന്വേഷണം പൂർത്തിയാകുന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് കൂടുതൽ വ്യക്തമാകും. കേരള രാഷ്ട്രീയ ഗതി മാറാൻ പോകുന്ന തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്.നരേന്ദ്ര മോദി സർക്കാറിനോടുള്ള ആഭിമുഖ്യം കേരളത്തിലും കൂടി വരികയാണ്. കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളിലെല്ലാം കേന്ദ്ര സർക്കാർ സഹായം ഉണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു. ടി.ബാലസോമൻ, എം.സി ശശീന്ദ്രൻ, ശോഭാ രാജൻ, എൻ.പി.രാമദാസ്, സുഗീഷ് കുട്ടാലിട, പി.കെ.സുപ്രൻ, രാജേഷ് കായണ്ണ, ഷൈനി ജോഷി, സുമിത്രൻ, കാമരാജ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സന്തോഷ് കാളിയത്ത്, നിയോജക മണ്ഡലം പ്രസിഡന്റ് അജയൻ ബാലുശ്ശേരി, ആർ.എം.കുമാരൻ, രാജേഷ് പുത്തഞ്ചേരി എന്നിവർ പ്രസംഗിച്ചു.