prinitng
കോഴിക്കോട് രാജാജി റോഡിലെ സൈൻ പാ‌ർക്ക് പ്രിന്റിംഗ് പ്രസിൽ ബോഹർ ബോ‌‌ർഡുകൾ തയ്യാറാക്കുന്നു

കോഴിക്കോട്: തദ്ദേശഭരണ തിരഞ്ഞെടുപ്പിന് അങ്കം കുറിച്ചതോടെ അരയും തലയും മുറക്കി കളത്തിലിറങ്ങിയിരിക്കുകയാണ് മുന്നണികൾ. പോരാട്ടത്തിന് മാറ്റ് കൂട്ടാൻ ഫ്ളക്സുകൾക്ക് പകരം ബോഹർ ബോർഡുകളാണ് ഇത്തവണ നിരന്നിരിക്കുന്നത്. ബോഹ‌ർ ബോർഡുകൾ പരിസ്ഥിതി സൗഹൃദ ഉത്പ്പന്നമായതിനാൽ രാഷ്ട്രീയക്കാർക്കും പ്രിയമേറിയിട്ടുണ്ട്. പേപ്പറും പരുത്തി നൂലും കല‌ർത്തി നി‌‌ർമ്മിക്കുന്നവയാണ് ബോഹർ ഉത്പന്നങ്ങൾ. ഇവ വേഗത്തിൽ മണ്ണിൽ അലിയുമെന്നതാണ് മറ്റൊരു പ്രത്യേകത. പ്ലാസ്റ്റിക്കിന് പകരം കപ്പ, ചോളം തുടങ്ങിയവയിൽ നിന്ന് വേ‌ർതിരിച്ചെടുക്കുന്ന ആസിഡ് ഉപയോഗിച്ചാണ് ബോർഡുകളുടെ കോട്ടിംഗ്. വെയിലും മഴയും ഏറ്റാലും ആറ് മാസം വരെ കേട് വരാതിരിക്കുന്നതിനാൽ രാഷ്ട്രീയ പാ‌ർട്ടികൾ കൂടുതലായി തിരഞ്ഞെടുക്കുന്നതും ബോഹ‌ർ ഉത്പന്നങ്ങളാണ്. 6x4,5x3 എന്നീ വലുപ്പത്തിലാണ് ബോഹർ ബോഡുകൾ പ്രിന്റ് ചെയ്യുന്നത്. കൂടാതെ പ്രചാരണ ബോർഡുകൾക്കും ബാനറുകൾക്കുമായി കോട്ടൺ തുണികളും പേപ്പറുകളും വ്യാപകമായി ഉപയോഗിക്കുന്നു. സാധാരണ കോറ കോട്ടൺ തുണിയിൽ ബോർഡുകൾ പ്രിന്റ് ചെയ്യുന്നുമുണ്ട്. ഒരു സ്‌ക്വയ‌ർ ഫീറ്റിന് 30 രൂപ നിരക്കിലാണ് പ്രിന്റിംഗ്. പേപ്പർ സ്‌ക്വയർ ഫീറ്റിന് 20 രൂപയാണ് ചെലവ് .തമിഴ്‌നാട്ടിൽ നിന്നാണ് ബോഹർ ഉത്പന്നങ്ങൾ കേരളത്തിലേക്ക് എത്തുന്നത്.

" തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതൽ വിവിധ മുന്നണികൾ ബോഹർ ബോ‌‌ർഡിനായി എത്തുന്നുണ്ട്. തുണി,പേപ്പ‌ർ എന്നിവയേക്കാൾ ഈടുനിൽക്കും. നിലവിൽ 500ഓളം ബോഹ‌ർ ബോർഡുകൾ പ്രിന്റ് ചെയ്ത് നൽകിയിട്ടുണ്ട് '.- ജെയ്സൽ, സൈൻ പാ‌ർക്ക്