election-

കൽപ്പറ്റ: തിരഞ്ഞെടുപ്പിൽ ആദിവാസി ദലിത് വിഭാഗത്തെ അവഗണിച്ചതിനെതിരെ വയനാട് ഡി.സി.സി ക്ക് മുന്നിൽ ആദിവാസി നേതാവിന്റെ സത്യാഗ്രഹ സമരം. ആദിവാസി കോൺഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് എൻ.എ. ബാബു വാണ് സത്യാഗ്രഹം നടത്തിയത്.

ഏറ്റവും കൂടുതൽ ആദിവാസികളുള്ള വയനാട്ടിൽ കെ.പി.സിസി നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ആദിവാസി ദലിത് വിഭാഗത്തെ അവഗണിച്ചതായി ബാബു ആരോപിക്കുന്നു. നേതൃത്വത്തിൽ ഇരിക്കുന്നവർ മൽസരിക്കുന്നതിനും വിജയം ഉറപ്പ് വരുത്തുന്നതിനുമായി കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെയുള്ള സംവരണ സീറ്റുകൾ യാതൊരു തത്വദീക്ഷയുമില്ലാതെ ഘടകകക്ഷികൾക്ക് വിട്ടുനൽകുന്നത് ആദിവാസി ദലിത് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതിനും ആദിവാസി ദലിത് ജനതയാകെ ബി.ജെ.പിയിലേക്കും ഇടത് പക്ഷത്തേക്കും പോകുന്നതിനും ഇടയാക്കുമെന്നും ബാബു പറയുന്നു. ഇക്കാര്യം കോൺഗ്രസ് നേതൃത്വം ഗൗരവപൂർവം തിരിച്ചറിഞ്ഞ് തെറ്റ് തിരുത്തണം. ജില്ലാ പഞ്ചായത്തിലും വിവിധ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോൺഗ്രസിന്റെ കൈവശം ഉണ്ടായിരുന്ന സീറ്റുകൾ ഘടകകക്ഷികൾക്കും കടലാസ് സംഘടനയായ ദലിത് ലീഗിനും അടിയറ വെക്കുന്നത് ആദിവാസി ദലിത് കോൺഗ്രസ് പ്രവർത്തകരോട് കാണിക്കുന്ന അനീതിയാണ്. എസ്.സി, എസ്.ടി കോളനികളിൽ അടിസ്ഥാന ബന്ധമില്ലാത്തവരെ സംവരണ സീറ്റുകളിൽ മൽസരിപ്പിക്കുന്നത് സമുദായ വഞ്ചനയാണ്. കോൺഗ്രസ് നേതൃത്വത്തിന്റെ കണ്ണ് തുറപ്പിക്കുന്നതിനായാണ് എൻ.എ.ബാബു വയനാട് ഡി സി സി ക്ക് മുമ്പിൽ സത്യാഗ്രഹം നടത്തിയത്.