കോഴിക്കോട്: സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിലെ സബ് സെന്ററുകളെ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളായി ഉയർത്തുമ്പോൾ മിഡ്‌ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് ഫാർമസിസ്റ്റുകളെ ഒഴിവാക്കുന്നതിനെതിരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. മുഖ്യമന്ത്രിക്ക് പ്രതിഷേധ പോസ്റ്റ് കാർഡ് അയച്ചാണ് സമരം നടത്തിയത്. ബി.എസ്.സി നഴ്‌സുമാരെ നിയമിക്കാനുള്ള തീരുമാനമാണ് നടക്കുന്നത്. ഈ തസ്തികയിൽ ഫാർമസിസ്റ്റുകളെ കൂടെ ഉൾപ്പെടുത്തണമെന്നാണ് നാഷണൽ ഹെൽത്ത് പോളിസിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.കെ.പി.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.പ്രവീൺ, സെക്രട്ടറിയേറ്റ് അംഗങ്ങളായ ജയൻ കോറോത്ത്, നവീൻ ലാൽ, എസ്.ഡി സലീഷ് കുമാർ, എ. ശ്രീധരൻ, പി.ഷറഫുന്നീസ എന്നിവർ പങ്കെടുത്തു.