കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയിൽ ഇതുവരെ ലഭിച്ചത് 1242 പത്രികകൾ.

ജില്ലാ പഞ്ചായത്തിലെ 40 ഡിവിഷനുകളിലേക്കായി 64 പത്രികകളാണ് വന്നത്. ജില്ലാ കലക്ടർ സാംബശിവറാവുവാണ് വരണാധികാരി.

കോഴിക്കോട് കോർപ്പറേഷനിലേക്ക് 54 നാമനിർദ്ദേശ പത്രികകളും 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 56 പത്രികകളുമാണ് ലഭിച്ചത്. ഏഴു മുനിസിപ്പാലിറ്റികളിലേക്ക് 122 പത്രികകൾ വന്നു. ഗ്രാമപഞ്ചായത്തുകളിലേക്കായി 946 പത്രികളും ഇന്നലെ വരെ ലഭിച്ചു.

പത്രികസമർപ്പണം 19 വരെയാണ്. 20ന് സൂക്ഷ്മ പരിശോധന നടക്കും.

ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിലേക്ക് എൽ.ഡി.എഫ് സ്ഥാനാർഥി കാനത്തിൽ ജമീല ഇന്നലെ ജില്ലാ കളക്ടർ സാംബശിവ റാവുവിന് പത്രിക സമർപ്പിച്ചു. നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇവരെയാണ്

എൽ.ഡി.എഫ് വീണ്ടും സാരഥിയായി കാണുന്നതെന്നാണ് സൂചന. സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ, എൽ.ജെ.ഡി നേതാവ് മനയത്ത് ചന്ദ്രൻ തുടങ്ങിയവർക്കൊപ്പമാണ് ജമീല പത്രിക നൽകാനെത്തിയത്.

കോഴിക്കോട് കോർപറേഷനിലേക്ക് മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്നലെ തുടങ്ങി. 69-ാം നമ്പർ കാരപ്പറമ്പ് ഡിവിഷനിലെ ബി.ജെ.പി സ്ഥാനാർത്ഥി നവ്യ ഹരിദാസാണ് ആദ്യപത്രിക സമർപ്പിച്ചത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവനോടൊപ്പം കളക്‌ടറേറ്റിൽ എത്തിയ അവർ എൽ.ആർ ഡെപ്യൂട്ടി കളക്ടർ സി. ബിജു മുമ്പാകെ പത്രിക നൽകി. തിരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ എൻ അജിത്കുമാർ,ജോയിന്റ് കൺവീനർ പി.വി.ഷൈജു എന്നിവരും ഒപ്പമുണ്ടായിരുന്നു. എൻ.ഡി.എ പാറോപ്പടി ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ. പി. സബിതയും ഇന്നലെ പത്രിക സമർപ്പിച്ചു.

കോർപ്പറേഷനിലെ മൂന്നു ഡിവിഷനുകളിലേക്കു കൂടി ബി.ജെ.പി ഇന്നലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികൾ: ഡിവിഷൻ 2. ചെട്ടിക്കുളം വിനീത കൃപേഷ്, 60 പാളയം അഡ്വ. കെ.വി. സുധീർ, 61 വലിയങ്ങാടി അക്ഷയ് ഥാക്കർ.