kovid

കോഴിക്കോട്: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി സമ്പർക്ക വ്യാപനം തടയാനായി നടത്തുന്ന പരിശോധന ജില്ലയിൽ ഏഴ് ലക്ഷം കടന്നു. കോർപ്പറേഷൻ പരിധിയിലാണ് കൂടുതൽ പരിശോധനകൾ നടക്കുന്നത്. എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലും ആഴ്ചയിൽ രണ്ട് തവണ പരിശോധനാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കൊവിഡ് മാറിയതിന് ശേഷം വരുന്ന പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാൻ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ തുടങ്ങിയ പ്രാഥമിക ചികിത്സാ തലങ്ങളിൽ വ്യഴാഴ്ചകളിൽ 12 മുതൽ 2 മണി വരെയാണ് ക്ലിനിക്കുകൾ സജ്ജമാക്കിയിരിക്കുന്നത്. നവം. 16 വരെ 701339 കൊവിഡ് പരിശോധനകളാണ് ജില്ലയിൽ നടത്തിയത്. സർക്കാർ സംവിധാനത്തിലൂടെ 337833 ആന്റിജൻ പരിശോധനകളും 21074 ട്രൂനാറ്റ് പരിശോധനകളും 124867 ആർ.ടി.പി.സി.ആർ പരിശോധനകളും നടന്നു. കൂടാതെ 660 ആന്റിബോഡി പരിശോധനകളും നടത്തിയിട്ടുണ്ട്. സ്വകാര്യ ലാബുകളിൽ 216331 പരിശോധനകളാണ് ഇതുവരെ നടത്തിയത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.51 ശതമാനമാണ്. അയച്ച സ്രവസാമ്പിളുകളിൽ 6,98,241 എണ്ണത്തിന്റെ ഫലം ലഭിച്ചപ്പോൾ 6,39,208 നെഗറ്റീവാണ്. 59435 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 160 പേർ മരിച്ചു. ചില പ്രദേശങ്ങളിലുള്ളവർ കൊവിഡ് പരിശോധനയോട് വിമുഖത കാണിക്കുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം ഭേദമായവരിൽ പലതരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടുവരുന്നതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.