1
കോഴിക്കോട് നഗരത്തിൽ ചുമരെഴുതുന്ന ജയപ്രകാശ്

കോഴിക്കോട്: തിരഞ്ഞെടുപ്പിൽ ജീവിതം തിരിച്ചുപിടിക്കാൻ ഒരുങ്ങി ജില്ലയിലെ ചുമരെഴുത്തുകാർ. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്ലാസ്റ്റിക്കിന് പൂർണവിലക്ക് വന്നതാണ് ചുമരെഴുത്ത് തൊഴിലാളികൾക്ക് പ്രതീക്ഷയായത്. നഗരങ്ങളിൽ കുറവാണെങ്കിലും ഗ്രാമങ്ങളിൽ ചുമരെഴുത്ത് സജീവമായിട്ടുണ്ട്. ഫ്ലക്സ് ബോർഡുകളുടെ കടന്നുവരവ് മുൻ വർഷങ്ങളിൽ ചുമരെഴുത്ത് പ്രചാരണത്തിന് മങ്ങലേൽപ്പിച്ചിരുന്നു. കൊവിഡ് നിയന്ത്രണമുള്ളതിനാൽ സോഷ്യൽ മീഡിയ പ്രചാരണമാണ് കൂടുതലെങ്കിലും ചുമരെഴുത്തിന് കുറവില്ലെന്ന് തൊഴിലാളികൾ പറയുന്നു. അഞ്ചു വർഷം കൂടുമ്പോൾ കിട്ടുന്ന ഈ തിരക്കു മാത്രമാണ് ഇവരുടെ ആകെയുള്ള ആശ്വാസം. എന്നാൽ സ്ഥിരവരുമാനത്തിന് വേറെ ജോലി ചെയ്യണം. പണിയില്ലാതായതോടെ ഒട്ടേറെ കലാകാരന്മാരാണ് മ​റ്റു തൊഴിലുകൾ തേടി പോയത്. പുതിയ ആളുകൾ രംഗത്തേക്ക് വരുന്നുമില്ല. ഒരുമണിക്കൂർ കൊണ്ട് ഒരു വലിയ ചുമരെഴുതി തീർക്കാൻ കഴിയുമെന്ന് കോഴിക്കോട് വർഷങ്ങളായി ചുമരെഴുത്ത് ജോലി ചെയ്യുന്ന ഇ.ജയപ്രകാശ് പറയുന്നു. ഒരു ചുമരിന് 500- 600 രൂപയാണ് ലഭിക്കുക. ചുമരെഴുത്തിനൊപ്പം തുണി ബാനറുകൾ വ്യാപകമായതും എഴുത്തുകാർക്ക് അനുഗ്രഹമായി. ഫ്ലക്‌സിനു പകരം വിവിധ തരം തുണികളിലാണ് ഇത്തവണ വോട്ടഭ്യർത്ഥനകൾ. പരമ്പരാഗത രീതിയിൽ തുണിയിൽ എഴുതിയുള്ള ബാനറിന് ആവശ്യക്കാരേറെയുണ്ട്. ചെറിയ ബാനർ ഒന്നിന് 50 രൂപയും വലുതിന് 300 രൂപയുമാണ് എഴുത്തുകൂലി.

"ഫ്ലക്സുകൾക്ക് നിരോധനം വന്നതോടെ ചുമരെഴുതാൻ കൂടുതൽ ആളുകൾ വിളിക്കുന്നുണ്ട്. ബാനറുകളിലും എഴുതി കൊടുക്കുന്നു"- ഇരുപ്പക്കോട്ടിൽ ജയപ്രകാശൻ (ജയൻ),ചുമരെഴുത്ത് കലാകാരൻ