ushakumari
ടി.ഉഷാകുമാരി

കൽപ്പറ്റ: കോൺഗ്രസ് നിർദ്ദേശ പ്രകാരം 2010ൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ അംഗൻവാടി ജോലി രാജിവെച്ച ടി.ഉഷാകുമാരിയെ ഇത്തവണ കോൺഗ്രസ് നേതൃത്വം പാടെ തഴഞ്ഞു. ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം പൂർത്തിയായപ്പോൾ ടി. ഉഷാകുമാരി ചിത്രത്തിലില്ല. 2010ൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും 2015ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. എടവക ഡിവിഷനിൽ നിന്ന് കഴിഞ്ഞ തവണ 7290 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച ടി.ഉഷാകുമാരിയെ ഇത്തവണ നേതൃത്വം പരിഗണിച്ചതേയില്ല. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാനായി 2010 ഒക്‌ടോബർ ഒന്നിനാണ് പനമരം പഞ്ചായത്തിലെ പടക്കംവയൽ അംഗൻവാടി ടീച്ചർ ജോലി ടി.ഉഷാകുമാരി രാജിവെച്ചത്. ഇത്തവണ സീറ്റ് നൽകാമെന്ന് നേതൃത്വം ടി. ഉഷാകുമാരിയോട് പറഞ്ഞിരുന്നു. എന്നാൽ സീറ്റ് വിഭജനം പൂർത്തിയായപ്പോഴേക്കും ഉഷാകുമാരി പുറത്തായി. മാനന്തവാടി എസ്.എൻ.ഡി.പി യൂണിയൻ സജീവ പ്രവർത്തകയായിരുന്നു ടി.ഉഷാകുമാരി. ഔദ്യോഗിക സ്ഥാനങ്ങളും വഹിച്ചു. 1995ൽ ഏറ്റവും നല്ല അംഗൻവാടി വർക്കർക്കുള്ള അവാർഡും ടി. ഉഷാകുമാരി നേടിയിരുന്നു. അംഗൻവാടി ജീവനക്കാരുടെ വേതനം പതിനായിരം രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ടി.ഉഷാകുമാരി വയനാട് ജില്ലാ കളക്ടറേറ്റിന് മുന്നിൽ നടത്തിയ അഞ്ച് ദിവസത്തെ നിരാഹാര സമരം ഏറെ ശ്രദ്ധിക്കപ്പെട്ടു. അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു ഇവർ. പ്രസ്ഥാനത്തിന് വേണ്ടി ജോലി രാജിവെച്ച് രംഗത്തിറങ്ങിയ നേതാവ് ഇപ്പോൾ വീട്ടിൽ കഴിയുകയാണ് കോൺഗ്രസ് നേതൃത്വം തഴഞ്ഞ ഒരു പിന്നാക്കക്കാരിയായി.