കൽപ്പറ്റ: തിരഞ്ഞെടുപ്പിൽ കർഷക താൽപ്പര്യം സംരക്ഷിക്കുന്നവർക്ക് വോട്ട് ചെയ്യണമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ).
സ്ഥാനാർത്ഥികളോട് പതിനൊന്ന് ചോദ്യങ്ങളുമായി കിഫ സമൂഹ മാധ്യമങ്ങൾ വഴി പ്രചരണം തുടങ്ങി.
പഞ്ചായത്തു തിരഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചു വരുന്ന സ്ഥാനാർഥികളോട് കർഷകർ ഉന്നയിക്കുന്ന ചോദ്യങ്ങൾ
എന്ന പേരിലാണ് മാനിഫെസ്റ്റോ തയ്യാറാക്കിയിരിക്കുന്നത്.
അതിരൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ നിങ്ങളും പാർട്ടിയും എന്തൊക്കെ ചെയ്തു എന്ന് വിശദീകരിക്കാൻ സംഘടന ആവശ്യപ്പെടുന്നു.
കൃഷി നശിപ്പിക്കുന്ന ജീവികളെ ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിൽ പ്രമേയം പാസാക്കുവാൻ തയ്യാറാണോ?
വന്യജീവികൾ കൃഷിയിടത്തിൽ ഇറങ്ങിയാൽ അവയെ നേരിടുവാനും കൊല്ലാനുമുള്ള അവകാശം കർഷകർക്കുണ്ട് എന്ന് അംഗീകരിക്കുന്നുണ്ടോ?
മുപ്പത്തി അയ്യായിരത്തില്പരം ഏക്കർ കൃഷിഭൂമി ഒരു രൂപ പോലും നഷ്ടപരിഹാരം കൊടുക്കാതെ ഏറ്റെടുത്തു വനമാക്കി മാറ്റിയ ഇ.എഫ്.എൽ എന്ന കരിനിയമം റദ്ദു ചെയ്യണം എന്നത് അംഗീകരിക്കുന്നുണ്ടോ?
പരിസ്ഥിതി സംവേദക മേഖലകളിൽ നിന്ന് കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കണം എന്ന കർഷകരുടെ ആവശ്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?
92 വില്ലേജുകളിൽ കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കണം എന്ന എന്ന കർഷകരുടെ ആവശ്യത്തിനു വേണ്ടി എന്തൊക്കെ ചെയ്യും?
കൃഷി ഭൂമിയിൽ നിൽക്കുന്ന ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും വെട്ടാനും പുതിയത് നടാനുമുള്ള കർഷകന്റെ അവകാശത്തെ അംഗീകരിക്കുന്നുണ്ടോ?
വയനാട് ജില്ലയിൽ കടുവ സങ്കേതം വേണ്ട എന്ന് പരസ്യമായി പറയുവാനും അതിനെതിരെ പ്രവർത്തിക്കുവാനുമുള്ള ആർജവം കാണിക്കുമോ? തുടങ്ങിയ ചോദ്യങ്ങളോടൊപ്പം, വോട്ടു കിട്ടാനായി സമ്മതം പറയുകയും, വിജയിച്ചതിനു ശേഷം ഇതൊന്നും ചെയ്യാതിരിക്കുകയും ചെയ്താൽ സ്വയം രാജിവെച്ച് പോകുമോയെന്നും കർഷക മാനിഫെസ്റ്റോയിൽ ചോദിക്കുന്നുണ്ട്.