കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ഹരിതചട്ട പാലനം കർശനമാക്കുന്നതിന്റെ ഭാഗമായി ജില്ലാശുചിത്വമിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രസ്സുകളിൽ കോർഡിനേറ്ററുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. ജില്ലയിലെ പ്രിന്റിംഗ്, ഫ്‌ളക്‌സ് പ്രിന്റിംഗ് പ്രസ്സുകളിലാണ് പരിശോധന നടത്തിയത്. ഹരിതചട്ടപാലനം വിശദീകരിക്കുന്നതിനായി പ്രിന്റിംഗ് ആൻഡ് ഫ്ളക്‌സ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്തും. ബ്ലോക്ക് തല ശുചിത്വ കോർഡിനേറ്റർമാരായ ജനറൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് പരിശീലനം പൂർത്തിയാക്കി. കോർപറേഷനിൽ മൂന്നും മുനിസിപ്പാലിറ്റിയിലും ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഒന്നു വീതവും മാതൃകാബൂത്തുകൾ സജ്ജീകരിക്കാനും തീരുമാനിച്ചു.
ഹരിതചട്ട പാലനം- മികച്ച ശുചിത്വ പ്രവർത്തനത്തിന് അവാർഡ്
തെരഞ്ഞെടുപ്പിൽ മികച്ച രീതിയിൽ ഹരിതചട്ടം പാലിക്കുന്ന റിട്ടേണിംഗ് ഓഫീസർമാർക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച ശുചിത്വ പ്രവർത്തനത്തിനുള്ള അവാർഡ് നൽകുമെന്ന് ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ അറിയിച്ചു.
പ്രശ്നബാധിത ബൂത്തുകളുടെ പട്ടിക തയ്യാറാക്കും
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രശ്ന ബാധിത ബൂത്തൂകളുടെ പട്ടിക തയ്യാറാക്കാൻ ജില്ലാ കളക്ടർ പൊലീസിന് നിർദ്ദേശം നൽകി. പ്രശ്ന സാധ്യതകളുടെ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളായി തരം തിരിച്ച് പൊലീസ് തയ്യാറാക്കുന്ന ബൂത്തുകളുടെ പട്ടിക വിലയിരുത്തി വീഡിയോ കവറേജ്, വെബ് കാസ്റ്റിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു.
വ്യത്യസ്ത ആവശ്യങ്ങൾക്കായി ലൈസൻസോടുകൂടി തോക്ക് കൈവശം വച്ചിരിക്കുന്നുവർ കളക്ടറേറ്റിൽ റിപ്പോർട്ട് ചെയ്യണം. മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിതരണം തടയാനായി പൊലീസ്, എക്സൈസ്, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ സംയുക്ത റെയ്ഡ് നടത്താനും യോഗം തീരുമാനിച്ചു. എ.ഡി എം റോഷ്നി നാരായണൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ടി.ജനിൽ കുമാർ എന്നിവർ പങ്കെടുത്തു.