election-
തദ്ദേശ തെരഞ്ഞെടുപ്പ്

കോഴിക്കോട്: ജാഥയും ആൾക്കൂട്ടങ്ങളും കൊട്ടിക്കലാശങ്ങളും ഒഴിവാക്കിയാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ്. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ എല്ലാവിധ കൊവിഡ് മുൻകരുതലുകളും സ്വീകരിച്ചിട്ടുവേണം തെരെഞ്ഞെടുപ്പിനെ സമീപിക്കാനെന്ന് ജില്ലാ കളക്ടറും തെരെഞ്ഞെടുപ്പ് വരണാധികാരിയുമായ സാംബശിവ റാവു അറിയിച്ചു. സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങളിൽ ജാഗ്രത ആവശ്യമാണ്.

ഭവന സന്ദർശനത്തിന് ഒരു സമയം സ്ഥാനാർത്ഥികൾ ഉൾപ്പെടെ പരമാവധി അഞ്ചുപേർക്ക് പങ്കെടുക്കാം. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് മൂന്ന് വാഹനങ്ങൾ അനുവദിക്കും. ജാഥ, ആൾക്കൂട്ടം, കൊട്ടിക്കലാശം, എന്നിവ ഒഴിവാക്കണം. പൊതുയോഗങ്ങൾ, കുടുംബയോഗങ്ങൾ എന്നിവ നിയന്ത്രണങ്ങൾ പാലിച്ച് മാത്രമേ നടത്താവൂ. പൊതുയോഗങ്ങൾ നടത്തുന്നതിന് പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണം.

തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി വിതരണം ചെയ്യുന്ന നോട്ടീസ്, ലഘുലേഖ എന്നിവ പരിമിതപ്പെടുത്തുകയും സോഷ്യൽ മീഡിയ പ്രയോജനപ്പെടുത്തുകും ചെയ്യുക. വോട്ടർമാർ മാസ്‌ക്, സാനിറ്റൈസർ എന്നിവ കർശനമായി ഉപയോഗിക്കണമെന്ന സന്ദേശം കൂടി സ്ഥാനാർത്ഥികളുടെയും മറ്റും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തേണ്ടതാണ്. സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവയോ മറ്റോ നൽകി കൊണ്ടുള്ള സ്വീകരണ പരിപാടി പാടില്ല. ഏതെങ്കിലും സ്ഥാനാർത്ഥിക്ക് കൊവിഡ് പോസിറ്റീവ് ആകുകയോ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന ക്വാറന്റൈനിൽ പ്രവേശിക്കുകയോ ചെയ്താൽ ഉടൻ പ്രചാരണ രംഗത്ത് നിന്ന് മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും വേണം. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം മാത്രമെ തുടർ പ്രവർത്തനം പാടുള്ളു.