മുക്കം: വെൽഫെയർ പാർട്ടിയുമായി ഈ തിരഞ്ഞെടുപ്പിൽ ഒരു കൂട്ടുകെട്ടിനുമില്ലെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചതായിരുന്നു കോൺഗ്രസ് - ലീഗ് നേതൃത്വം. പക്ഷേ, മുക്കം നഗരസഭയിലെ ഐക്യജനാധിപത്യ മുന്നണിയ്ക്ക് അതൊന്നും ബാധകമായില്ല. പരസ്യമായി തന്നെ ഇവിടെ യു.ഡി.എഫ് - വെൽഫെയർ പാർട്ടി സഖ്യം രൂപം കൊണ്ടതോടെ മുന്നണിയ്ക്കകത്തുണ്ടായ പൊട്ടിത്തെറിയ്ക്ക് പിന്നാലെ ജനകീയ മുന്നണി പിറന്നു. വെൽഫെയർ പാർട്ടി മത്സരിക്കുന്ന നാലിടത്തും ജനകീയ മുന്നണിയ്ക്ക് സ്ഥാനാർത്ഥികളായി. ഈ നാലു ഡിവിഷനുകളിൽ മാത്രമല്ല മറ്റിടങ്ങളിലും കൂടി പുതിയ മുന്നണി യു.ഡി.എഫിന് വെല്ലുവിളി ഉയർത്തുകയാണ്.

ജമാ അത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള മേഖലകൾ ഉൾപ്പെടുന്ന 18, 19, 20, 21 ഡിവിഷനുകളിലാണ് വെൽവെയർ പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. ഇവിടങ്ങളിലെ കോൺഗ്രസ് ക്യാമ്പിലെന്ന പോലെ ലീഗ് കേന്ദ്രങ്ങളിലും പ്രതിഷേധക്കാർ സംഘടിച്ചതോടെയായിരുന്നു ജനകീയ മുന്നണിയുടെ പിറവി.

കഴിഞ്ഞ തവണ എൽ.ഡി.എഫിനെ തുണച്ച വെൽഫെയർ പാർട്ടിയെ ഒപ്പം കൂട്ടിയാൽ മുക്കത്ത് അട്ടിമറിയാവാമെന്ന കണക്കുകൂട്ടലാണ് യു.ഡി.എഫിന്റേത്. എന്നാൽ, വെൽഫെയർ പാർട്ടിയുടെ എണ്ണം കൂട്ടാതെ തന്നെ പ്രകടമായ ആധിപത്യമുള്ളിടത്ത് അത്തരം കണക്കുകൂട്ടലുകളൊക്കെ പിഴക്കുകയേയുള്ളുവെന്ന് ഇടതുമുന്നണി നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.

 ചരിത്രം

നഗരസഭയായി മാറിയത് അഞ്ചു വർഷം മുമ്പാണെങ്കിലും ഇരുപതു വർഷമായി ഇടതുമുന്നണിയുടെ കൈപ്പിടിയിലാണ് മുക്കം. 1963-ൽ നിലവിൽ വന്ന മുക്കം പഞ്ചായത്തിൽ തുടർച്ചയായി 17 വർഷം പ്രസിഡന്റായിരുന്നത് മുക്കം സുൽത്താൻ എന്ന് അറിയപ്പെട്ടിരുന്ന ബി.പി ഉണ്ണിമോയനായിരുന്നു. 1979 ൽ നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് പദവി കോൺഗ്രസിലെ കൊറ്റങ്ങൽ സുരേഷ് ബാബുവിനായി. തുടർന്ന് കോക്കപ്പിള്ളി പാപ്പച്ചൻ, ചൂരക്കാട്ട് ഭാസ്കരൻ എന്നിവരും ചുരുങ്ങിയ കാലം പ്രസിഡന്റുമാരായി. 1988-ൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലേറിയതോടെ മുസ്ലിം ലീഗിലെ എ.എം അഹമ്മദ് കുട്ടി ഹാജി കോൺഗ്രസ്സിലെ ജോസ് അധികാരത്തിൽ, തച്ചോലത്ത് ഗോപാലൻ എന്നിവരും അധികാരം പങ്കിട്ടു. 1995 ൽ കോൺഗ്രസ് അംഗം വി.പി ചാത്തൻ പ്രസിഡന്റായി. 2001 ലെ തിരഞ്ഞെടുപ്പിലാണ് ഭരണം സി.പി.എം കൈകളിലെത്തിയത്. 2001 മുതൽ 2006 വരെ എ.കല്യാണിക്കുട്ടിയും 2011 വരെ വി.കുഞ്ഞനും 2016 വരെ എൻ. സുരേന്ദ്രനാഥും പ്രസിഡന്റുമാരായി. 2016ൽ നഗരസഭയായപ്പോൾ വി.കുഞ്ഞൻ പ്രഥമ ചെയർമാനായി.

കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാണിച്ച് തന്നെ വിജയം കൊയ്യാമെന്ന ആത്മവിശ്വാസത്തിലാണ് മുന്നണി നേതൃത്വം. എന്നാൽ, ഭരണത്തിലെ കോട്ടങ്ങളുടെയും വികസന മുരടിപ്പിന്റെയും ചിത്രം അവതരിപ്പിച്ചുള്ള പ്രചാരണത്തിലൂടെ, 20 വർഷം മുമ്പ് കൈവിട്ടു പോയ ഭരണം തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിന്റേത്. പഞ്ചായത്തായിരുന്നപ്പോഴും പിന്നീട് നഗരസഭയായി മാറിയപ്പോഴും ഒരു അംഗത്തിൽ ഒതുങ്ങിയ ബി.ജെ.പിയാവട്ടെ ഇത്തവണ അനുകൂല രാഷ്ടീയ കാലാവസ്ഥയിൽ കൂടുതൽ സീറ്റുകൾ നേടാനാവുമെന്ന കണക്കുകൂട്ടലിലുമാണ്.
കേരള കോൺഗ്രസ് (എം), എൽ.ജെ.ഡി പാർട്ടികളുടെ മുന്നണിമാറ്റം മുക്കത്ത് ചലനമുണ്ടാക്കില്ല. കേരള കോൺഗ്രസ് ഇവിടെ നിർണായക ശക്തിയല്ലെന്നതും എൽ.ജെ.ഡി കഴിഞ്ഞ തവണ മുക്കത്ത് എൽ.ഡി.എഫിനൊപ്പമായിരുന്നുവെന്നതും തന്നെ കാരണം.

 ഒറ്റനോട്ടത്തിൽ

സ്ഥാപിതം: 2015

വിസ്തീർണ്ണം: 31.28 ചതുരശ്ര കിലോമീറ്റർ

ജനസംഖ്യ: 40,670

ഡിവിഷനുകൾ: 33

 2015 ലെ കക്ഷിനില

എൽ.ഡി.എഫ്: 19

സി.പി.എം: 14, ജെ.ഡി.എസ്: 01, സ്വതന്ത്രർ: 04

യു.ഡി.എഫ്: 10

മുസ്ലീം ലീഗ്: 07, കോൺഗ്രസ്: 03

വെൽഫെയർ പാർട്ടി: 03

എൻ.ഡി.എ: 1

 മുക്കം വളർന്ന അഞ്ചു വർഷം

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നഗരസഭയിൽ നടപ്പിലാക്കിയത്. വിവിധ ഭവന പദ്ധതികളിലൂടെ 1002 വീടുകൾ നൽകി. ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി. 22 കുടിവെള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കി. വയോമിത്രം പദ്ധതി നടപ്പിലാക്കി. ആയിരം തെരുവ് വിളക്കുകൾ സ്ഥാപിച്ചു. മാലിന്യം ശേഖരിച്ച് കയറ്റി അയച്ചു. മാലിന്യസംസ്കരണത്തിന് എം.ആർ.എഫ് പദ്ധതി കൊണ്ടുവന്നു. നഗരസഭയ്ക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിന്നു ലഭിച്ച വിഹിതം 100 ശതമാനവും വിനിയോഗിച്ചു.

വി.കുഞ്ഞൻ

 വികസനം മുരടിച്ച കാലം

അടിസ്ഥാനപരമായ ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ നഗരസഭ തികഞ്ഞ പരാജയമായി. മാലിന്യം കയറ്റി അയക്കുന്നതിലും തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിലും ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നത്. സ്ഥലമുണ്ടായിട്ടും പൊതുശ്മശാനം നിർമ്മിക്കാനായില്ല. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന നഗരസഭ കാര്യാലയ നിർമ്മാണം ഇപ്പോഴും കടലാസിൽ മാത്രം. സി.എച്ച്.സി യുടെ വികസനത്തിനും ഒന്നും ചെയതില്ല. യു.ഡി.എഫ് വന്നാൽ നഗരസഭ ഓഫീസ് കെട്ടിടം, പൊതുശ്മശാനം, ഗതാഗതപ്രശ്ന പരിഹാരം, സി.എച്ച്.സി വികസനം ഇതൊക്കെ നടപ്പാക്കും.

ടി.ടി.സുലൈമാൻ (കോൺഗ്രസ്)