video
'നമ്മളെ താമരശ്ശേരി' വീഡിയോ ആൽബം താമരശ്ശേരി തഹസിൽദാർ സി.സുബൈർ പ്രകാശനം ചെയ്യുന്നു.

താമരശ്ശേരി: താമരശ്ശേരിയുടെ ഹൃദയത്തുടിപ്പുകൾ വരികളിലൂടെ ഒപ്പിയെടുത്ത 'നമ്മളെ താമരശ്ശേരി' വീഡിയോ ആൽബം പുറത്തിറങ്ങി. അദ്ധ്യാപകനും ഗാനരചയിതാവുമായ ഫസൽ കൊടുവള്ളിയാണ് രചന നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധായകൻ ഗഫൂർ എം ഖയാമാണ് ഗാനം ആലപിച്ചിരിക്കുന്നത്. താമരശ്ശേരിയുടെ ചരിത്ര സഞ്ചാരത്തിന്റെ ഏടുകൾ തുറന്നു വെക്കുന്നതാണ് ഗാനം. ബ്രിട്ടീഷുകാരോട് പടപൊരുതി മരിച്ച പഴശ്ശിരാജയുടെ കോട്ടയം രാജ വംശം , വടക്കൻ പാട്ടിലെ വീരനായകൻ തച്ചോളി ഒതേനന്റെ ഉറ്റ തോഴൻ പയ്യം പള്ളി ചന്തു വെടിയേറ്റു മരിച്ചുവീണ ചരിത്ര സംഭവം , താമരശ്ശേരി ചുരം തുടങ്ങി താമരശ്ശേരിയുടെ കലാ സാംസ്‌കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ് വീഡിയോ ആൽബം.കോട്ടയിൽ ശ്രീപോർക്കലി ക്ഷേത്രം,കെടവൂർ മസ്ജിദ് ,കത്തീഡ്രൽ , പാട്ടുത്സവം, പള്ളിപ്പെരുന്നാൾ എന്നിവയും ആൽബത്തിൽ ചിത്രീകരിച്ചിട്ടുണ്ട്.. യൂട്യൂബിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
വീഡിയോ ആൽബം താമരശ്ശേരി തഹസിൽദാർ സി.സുബൈർ പ്രകാശനം ചെയ്തു. നാടകകൃത്ത് ഹുസൈൻ കാരാടി, ഫസൽ കൊടുവള്ളി, ഉസ്മാൻ .പി. ചെമ്പ്ര, സി.ഹുസൈൻ, ബാലകൃഷ്ണൻ നായർ എന്നിവർ പ്രസംഗിച്ചു.