കോഴിക്കോട്: ഇന്നലെ 644 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം 60,079 ആയി. മരിച്ചവരുടെ എണ്ണം സർക്കാർ കണക്കുപ്രകാരം 164 ആണ്. ഇന്നലെ നാല് പേരാണ് മരിച്ചത്.നടപുരം സ്വദേശി വിജയൻ (65), വളയം സ്വദേശി അബ്ദള്ള (74), തിരുവണ്ണൂർനട സ്വദേശി വേലായുധൻ (90), വട്ടോളി സ്വദേശി ചന്ദ്രൻ (75) എന്നിവരാണ് ഇന്നലെ മരിച്ചത്.കൊവിഡ് ബാധിച്ച് 1915 പേരാണ് സംസ്ഥാനത്താകെ മരിച്ചത്. കൊവിഡിന്റെ തുടക്കം മുതൽ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടന്നത്. എന്നാൽ പാളയം പച്ചക്കറി മാർക്കറ്റിലും , സെൻട്രൽ മത്സ്യമാർക്കറ്റിലും പുതിയാപ്പ മത്സ്യബന്ധന തുറമുഖത്തും വന്ന ചില വീഴ്ചകൾ രോഗം പെട്ടെന്ന് പടരാൻ ഇടയാക്കി. ഇതോടെ കോഴിക്കോട് നഗരത്തിൽ കൊവിഡ് പടരുന്ന സാഹചര്യമുണ്ടായി. പാളയം പച്ചക്കറി മാർക്കറ്റും സെൻട്രൽ മാർക്കറ്റും പുതിയാപ്പ ഹാർബറും കുറച്ച് കാലം അടച്ചിട്ടെങ്കിലും ഇതിനിടയിൽ സാമൂഹ്യ വ്യാപനം സംഭവിച്ചിരുന്നു. മാർക്കറ്റുകൾ അടച്ചിട്ടതോടെ രോഗം പടരുന്നതിന്റെ വ്യാപ്തി കുറക്കാൻ കഴിഞ്ഞു. ഇപ്പോഴും ജില്ലയിൽ കൂടുതൽ രോഗികളുള്ളത് കോഴിക്കോട് കോർപ്പറേഷൻ മേഖലയിലാണ്. രോഗികൾ നാൾക്കുനാൾ വർദ്ധിച്ചിട്ടും മികച്ച ചികിത്സ ഒരുക്കാൻ ആരോഗ്യ വകുപ്പ് കാണിച്ച ജാഗ്രത എടുത്തുപറയേണ്ട നേട്ടം തന്നെയാണ്.