കൊടുവളളി: നഗരസഭയെ ഓമശ്ശേരിയുമായി ബന്ധിപ്പിക്കുന്ന വെളിമണ്ണ കൽപ്പളളിക്കടവിൽ പാലം പണിയാനുളള നടപടികൾ തുടങ്ങി. കളരാന്തിരി, കൽപ്പളളിക്കടവ്, വെളിമണ്ണ പ്രദേശത്തുകാരുടെ ദീർഘകാല ആവശ്യമാണ് യഥാർഥ്യമാവുന്നത്.നടന്നു പോവാൻ മാത്രം കഴിയുന്ന നടപ്പാലമാണ് നിലവിലുളളത്.വാഹനങ്ങൾ കടന്നു പോവുന്ന പാലം പണിയണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നാട്ടുകാർ പാലത്തിന്റെ ആവശ്യം കാരാട്ട് റസാഖ് എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പ്രാഥമിക പ്രവർത്തനങ്ങൾക്കുളള നടപടിയായത്. പാലം നിർമ്മിക്കുന്നതിന് പൊതുമരാമത്ത് മുഖേന 23 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്.ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. പ്രവൃത്തി നടന്നു വരുന്ന താമരശ്ശേരി വരട്യാക്കിൽ റോഡിലെ കളരാന്തിയിൽ നിന്നാണ് പാലത്തിലേക്കുളള റോഡ് ആരംഭിക്കുന്നത്.ആർ.ഇ.സി.പുത്തൂർ കൂടത്തായി റോഡിലെ വെളിമണ്ണയിൽ ചെറുപുഴയ്ക്ക് കുറുകെയാണ് പാലം നിർമ്മിക്കുന്നത്. നിലവിലുളള നടപ്പാലം നിലനിർത്തിയാണ് പുതിയ പാലം നിർമ്മിക്കുന്നതിനുളള രൂപകൽപ്പന പൊതുമരാമത്ത് വിഭാവനം ചെയ്തിട്ടുളളത്. പാലം നിർമ്മിക്കാനുളള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ തുടങ്ങി.