മുക്കം: മുക്കത്തിനടുത്ത് കുളങ്ങരയിൽ അദ്ധ്യാപകനെ വെട്ടി പരിക്കേൽപിച്ചു. പ്രതി പൊലീസ് പിടിയിൽ. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ എടവണ്ണ -കൊയിലാണ്ടി സംസ്ഥാന പാതയിൽ എരഞ്ഞിമാവിനടുത്ത് കുളങ്ങരയിൽ കെട്ടിടം വാടകക്കെടുത്ത് ബിസിനസ്സ് ആരംഭിക്കാനിരുന്ന കൊടിയത്തൂർ സ്വദേശിയും അദ്ധ്യാപകനുമായ എള്ളങ്ങൽ സിയാഉൽ ഹഖിനാണ് (45) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട്കൂടത്തായി പുത്തൻപുരയിൽ ശിഹാബുദ്ദീനെ (33) പൊലീസ് പിടികൂടി. അക്രമം നടന്ന ഉടൻ നാട്ടുകാർ ഓടികൂടുന്നതു കണ്ട് കാറിൽ രക്ഷപ്പെടുകയായിരുന്ന പ്രതിയെ വിവരമറിഞ്ഞ് മുക്കത്തുനിന്ന് സംഭവസ്ഥലത്തേക്ക് വരികയായിരുന്ന പൊലീസ് വഴിയിൽ വച്ച് പിടികൂടുകയായിരുന്നു. വെട്ടേറ്റ സിയാഉൽ ഹഖും പ്രതി ശിഹാബുദ്ദീനും തമ്മിൽ പണമിടപാടിലുള്ള പ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് സൂചന. സാരമായി പരിക്കേറ്റ സിയാഉൾ ഹഖിന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.