ele-auto

കോഴിക്കോട്: തൊഴിലാളി യൂണിയനുകളുടെ ഭീഷണി കാരണം ജില്ലയിൽ സർവീസ് നടത്താനാവാതെ ഇലക്ട്രിക് ഓട്ടോറിക്ഷ തൊഴിലാളികൾ. ആദ്യ ഇലക്ട്രിക് ഓട്ടോ സർവീസ് ആരംഭിച്ച് ഒന്നര വർഷം പിന്നിടുമ്പോൾ ജില്ലയിൽ 160 ലേറെ ഓട്ടോകളാണ് സർവീസ് നടത്തുന്നുന്നത്. എന്നാൽ ഒരു ഓട്ടോ സ്റ്റാൻഡിലും പാർക്ക് ചെയ്ത് സർവീസ് നടത്താൻ സൗകര്യമില്ല. പെർമിറ്റില്ലാതെ സർവീസ് നടത്താൻ അനുമതിയുണ്ടായിട്ടും ഓട്ടോ സ്റ്റാൻഡുകളിൽ പ്രവേശനം നിഷേധിച്ചും ഓട്ടം തടഞ്ഞും ഓട്ടോ തൊഴിലാളി യൂണിയനുകൾ ദ്രോഹിക്കുകയാണെന്ന് ഇലക്ട്രിക് ഓട്ടോ കോ ഓർഡിനേഷൻ കമ്മിറ്റി പരാതിപ്പെട്ടു.ഗതാഗത മന്ത്രി, കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.
സർവീസ് മുടങ്ങുന്നതിനാൽ പ്രതിമാസ അടവും തെറ്റി പലരുടെയും ജീവിക്കാനുള്ള വരുമാനവും നിലച്ചു. ഇലക്ട്രിക് ഓട്ടോകൾക്ക് പ്രഖ്യാപിച്ച സബ്സിഡി പോലും ജില്ലയിലെ ഓട്ടോ തൊഴിലാളികൾക്ക് ലഭിച്ചിട്ടില്ല. മറ്റ് ജില്ലകളിൽ സബ്സിഡി നൽകിയിട്ടും ഇവിടെയുള്ള തൊഴിലാളികൾ ലോണെടുത്ത് ഓട്ടോ വാങ്ങാൻ നിർബന്ധിതരാവുകയാണ്. ചാർജ് ചെയ്യാൻ തുക വേറെയും കാണണം. നല്ലളത്തെ കെ.എസ്.ഇ.ബിയുടെ ചാ‌ർജിംഗ് സ്റ്റേഷനിൽ മൂന്ന് ദിവസം എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും ചാർജിംഗ് സൗകര്യം ഒരുക്കിയിരുന്നു.പീന്നിട് ഒാട്ടോകളെ തഴഞ്ഞ് കാറുകൾക്ക് മാത്രമായി പരിമിതിപ്പെടുത്തിയതായി തൊഴിലാളികൾ പറയുന്നു.

" ലോണെടുത്തും കടം വാങ്ങിയുമാണ് ഓട്ടോ വാങ്ങിയത്. ഓട്ടോ സ്റ്റാൻഡ് പോലുമില്ലാതെ ബുദ്ധിമുട്ടുകയാണ്. കളക്ടർക്കും മന്ത്രിയ്ക്കും പരാതി നൽകിയിട്ടും പ്രയോജനമില്ല. പെർമിറ്റും അനുമതിയും ഉണ്ടായിട്ടും ഓട്ടോ ഓ‌ടിക്കാൻ കഴിയാത്ത അവസ്ഥയാണ്'- കെ.പി സബീലേഷ്.