കോഴിക്കോട്: കോഴിക്കോടൻ മലയോര ഗ്രാമങ്ങളിലെ തിരഞ്ഞെടുപ്പ് ചർച്ചാ വിഷയം സ്വർണക്കടത്തോ കിഫ്ബിയോ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റോ ഒന്നുമല്ല. കാട്ടുപന്നികളുടെ തീരാശല്യമാണ്. 'കാട്ടുപന്നിയുടെ ശല്യം തീർക്കാതെ വോട്ടിനായി ഈ പടി കയറേണ്ട" എന്ന് മിക്ക വീടുകളുടെയും പടിക്കൽ ബോർഡ് തൂക്കിയിരിക്കുകയാണ്.
കൃഷിയിടങ്ങളിൽ നിന്ന് വീടുകളിലേക്കു വരെ കടന്നുകയറുന്ന അവസ്ഥയിലാണ് കാട്ടുപന്നികൾ. വിളനാശത്തിനു പുറമേ സ്വസ്ഥമായി ജീവിക്കാൻ കൂടി കഴിയില്ലെന്നായാൽ എന്തു ചെയ്യുമെന്നാണ് കർഷകർ ചോദിക്കുന്നത്.
കോടഞ്ചേരിയിൽ ഒരു വീട്ടിൽ രണ്ടു കാട്ടുപന്നികൾ കടന്നുകയറിയതോടെ വീട്ടുകാർ ഒരു വിധത്തിൽ പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. കള്ളവാറ്റ് അകത്ത് ചെന്നതിന്റെ കൂടി പരാക്രമത്തിൽ ആ വീട്ടിലെ സർവതും നശിപ്പിച്ചിട്ടും വെടിവയ്ക്കാൻ ഡി.എഫ്.ഒ യുടെ അനുമതിക്കായി ഏറെനേരം കാക്കേണ്ടിവന്നില്ലേ എന്നാണ് നാട്ടുകാരുടെ ചോദ്യം.
ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള അനുമതി ആറ് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ടെങ്കിലും അതിലെ സാങ്കേതികത്വം ചില്ലറയൊന്നുമല്ലെന്ന് കർഷകർ പറയുന്നു.അതുമാത്രമല്ല, ലൈസൻസ് ഇല്ലാത്ത തോക്ക് കൊണ്ട് വെടിവച്ചാൽ കേസ് വേറെയാകും. പിന്നെ തടവുശിക്ഷ വരെ അനുഭവിക്കേണ്ടി വരും.
ഒന്നുകിൽ വനം വകുപ്പുകാർ പരിഹാരം ഉറപ്പാക്കണം. അതല്ലെങ്കിൽ മറ്റു പ്രായോഗിക വഴികൾ തേടണം. തിരുവമ്പാടി, കോടഞ്ചേരി, കൂടരഞ്ഞി, ചക്കിട്ടപ്പാറ തുടങ്ങിയ മലയോര ഗ്രാമങ്ങളിലെയെല്ലാം ജനങ്ങൾ കാട്ടുപന്നിശല്യം ഒഴിയാബാധയായി നീളുന്നതിൽ കടുത്ത അമർഷത്തിലാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടുപിറകെ കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിൽ റിട്ട. അദ്ധ്യാപകൻ തങ്കച്ചൻ കിഴുക്കരക്കാട്ട്, ജെയിംസ് പുളിമൂട്ടിൽ എന്നിവരുടെ വീട്ടുപടിക്കലാണ് പ്രതിഷേധത്തിന്റെ ഫ്ളക്സ് ബോർഡ് ആദ്യം ഉയർന്നത്. വൈകാതെ, 'കാട്ടുപന്നിശല്യത്തിന് പരിഹാരം കാണാതെ വോട്ടിനായി ഈ വീടിന്റെ പടി കയറേണ്ട' ; എന്ന അറിയിപ്പ് പലരുടെയും വീടിന് മുന്നിൽ ഉയർന്നു.
കാട്ടുപന്നിയെ ശല്യമൃഗത്തിന്റെ ഗണത്തിൽ പെടുത്തണമെന്ന ആവശ്യത്തിനായി പോരാടുന്നവർക്ക് മാത്രമേ ഇത്തവണ വോട്ട് ചെയ്യുന്ന കാര്യം ആലോചിക്കൂ എന്നും അവർ പറയുന്നു.
കാട്ടുപന്നിയുടെ ആക്രമണത്തിൽ
കാലെല്ല് തകർന്ന് യുവാവ്
പേരാമ്പ്ര (കോഴിക്കോട്): വന്യമൃഗ ശല്യത്തിന് പരിഹാരം തേടി പൂഴിത്തോട്ടിൽ മുമ്പ് ഉപവാസ സമരമിരുന്ന കെ.സി.വൈ.എം താമരശേരി രൂപത ട്രഷറർ റിച്ചാർഡ് ജോണിന് (25) കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്.
ബൈക്കിൽ പോകവേ കാട്ടുപന്നി ഇടിച്ചിട്ടതോടെ തെറിച്ചു വീണ് കാലെല്ല് തകർന്ന റിച്ചാർഡിനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കാലിൽ സ്റ്റീൽ റോഡ് ഘടിപ്പിക്കേണ്ടി വന്നു.
താമരശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് രാത്രി മടങ്ങുന്നതിനിടെ പൊടുന്നനെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം.