കൽപ്പറ്റ: കൊവിഡ് പ്രതിസന്ധിയിൽ കപ്പലിലെ ജോലിയിൽ നിന്ന് അവധിക്ക് വന്ന യുവാവ് ഇന്ത്യാ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടംനേടി.
ഒരു മണിക്കൂറിനുള്ളിൽ 25 ലോകോത്തര കാർ ബ്രാൻഡുകളുടെ ലോഗോകൾ ഇലയിൽ ഡിസൈൻ ചെയ്താണ് മാനന്തവാടി പാണ്ടിക്കടവ് സ്വദേശി കൃഷ്ണകൃപയിൽ അഖിൽരാജ് നേട്ടം കൈവരിച്ചത്.
ബ്രിട്ടനിലെ ആഡംബര കപ്പലിൽ റസ്റ്റോറന്റ് ജീവനക്കാരനായ അഖിൽ രാജ് അവധിക്ക് നാട്ടിൽ വന്നതിനിടയിൽ കൊവിഡ് വ്യാപനം കാരണം മടക്കയാത്ര മുടങ്ങി. ജനുവരിയിലേ കപ്പൽ സർവീസ് ആരംഭിക്കുകയുള്ളൂ.
വിരസത അകറ്റാനാണ് മുഖചിത്രങ്ങളും മറ്റും ഇലയിൽ നിർമ്മിക്കാൻ ശ്രമിച്ചത്. ആലിലയിൽ തീർത്ത ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ വരുമാനവും വന്നുതുടങ്ങി. വേൾഡ് ട്രാവലർ ബോയ് എന്ന ഇൻസ്റ്റഗ്രാം പേജ് വഴി ചിത്രം വിൽപനയും തുടങ്ങി. ഓരോ ചിത്രത്തിനും ശരാശരി 1000 രൂപ ലഭിക്കുമായിരുന്നു. ഇതുവരെ 25 ചിത്രങ്ങൾ വിറ്റു. www.kerala.shopping എന്ന ഷോപ്പിംഗ് സർവീസ് പോർട്ടൽ വഴിയും ഇപ്പോൾ ചിത്രങ്ങൾ വില്പനയ്ക്ക് വെച്ചിട്ടുണ്ട്.
ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കാനുള്ള പരിശ്രമത്തിലാണ് അഖിൽ രാജ്. ഇതിനിടയിലായിരുന്നു വിവാഹം. അബിതയാണ് ഭാര്യ. കല്യാണത്തിന്റെ പിറ്റേന്നാണ് വിവാഹസമ്മാനമായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ സർട്ടിഫിക്കറ്റ് എത്തിയത്.